തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബി ജെ പി സീൽ പതിച്ച സംഭവത്തിൽ വിവാദം കത്തുന്നു. ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് കോൺ​ഗ്രസ് പ്രചരിപ്പിച്ച എ ഐ വീഡിയോ കേരള പൊലീസ് ഇടപെട്ട് നീക്കി. ബി ജെ പി സീൽ വിവാദം തുടർച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷം ദേശീയ തലത്തിൽ ബി ജെ പിക്കും കേന്ദ്ര സർക്കാറിനുമെതിരെ ആയുധമാക്കുമ്പോഴും കേരള പൊലീസ് നടപടികൾ തുടരുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി തെറ്റ് സമ്മതിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവരുടെ പോസ്റ്റുകൾ നീക്കിയതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികളുടെയും വീഡിയോകളും കേരള പൊലീസ് ഇടപെട്ട് നീക്കി തുടങ്ങിയതിൽ വിമ‌ർശനവും ശക്തമാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായാണ് ബി ജെ പിയുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ഓഫീസ് ഒന്നാണെന്ന് പരിഹസിച്ചുകൊണ്ട് കോൺ​ഗ്രസ് ഇന്ന് രാവിലെ ഇറക്കിയ എ ഐ വീഡിയോയും, പൊലീസ് പരാതി നൽകി സാമൂഹ്യമാധ്യമങ്ങളിൽ നിന്നും നീക്കിച്ചത്. എന്നാൽ കോൺ​ഗ്രസ് വിഷയത്തിൽ കൂടുതൽ വീഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്, അതും വൈകാതെ നീക്കിയേക്കുമെന്നാണ് വ്യക്തമാകുന്നത്. സംഭവിച്ചത് പിഴവല്ലെന്നും ​ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. എൽ ഡി എഫും ബി ജെ പിയും ചേർന്ന ​ഗൂഢ സംഘമാണ് എല്ലാറ്റിനും പിന്നിലെന്ന് കോൺ​ഗ്രസ് നേതാക്കളും വിമർശിച്ചു.