പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന യുദ്ധം 22-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്. ഇറാനുമായി ഇപ്പോൾ ഒരു വെടിനിർത്തലിന് താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മറുപക്ഷത്തെ നിങ്ങൾ അക്ഷരാർത്ഥത്തിൽ നാമാവശേഷമാക്കിക്കൊണ്ടിരിക്കുമ്പോൾ ഒരു വെടിനിർത്തൽ നടത്താറില്ല’ എന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക ശേഷിയെയും ആണവായുധ നിർമ്മാണ ശേഷിയെയും തകർക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചതായും ഓപ്പറേഷൻ എപിക് ഫ്യൂറി നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാൻ യുദ്ധത്തിൽ മതിയായ പിന്തുണ നൽകാത്ത നാറ്റോ സഖ്യകക്ഷികളെ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് രൂക്ഷമായി വിമർശിച്ചു. നാറ്റോ രാജ്യങ്ങൾ ഭീരുക്കളാണെന്നും അമേരിക്കയുടെ പിന്തുണയും സാമ്പത്തിക സഹായവുമില്ലെങ്കിൽ ഈ പാശ്ചാത്യ സൈനിക സഖ്യം വെറും ‘പേപ്പർ ടൈഗർ’ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. യുദ്ധത്തിനായുള്ള പണം മുഴുവൻ അമേരിക്കയാണ് ചെലവഴിക്കുന്നതെന്നും മറ്റ് രാജ്യങ്ങൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ, ഇറാന്റെ ആണവ ശേഖരം സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാനുള്ള അതീവ രഹസ്യമായ പദ്ധതികളും അമേരിക്കൻ ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായി ദിയാഗോ ഗാർഷ്യയിലെ അമേരിക്കൻ – ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ വിക്ഷേപിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. രണ്ട് ഇടത്തരം ദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. എന്നാൽ ഇവ താവളത്തിൽ പതിച്ചിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അതേസമയം, പശ്ചിമേഷ്യയിലുടനീളം അമേരിക്കൻ – ഇസ്രായേല്‍ താല്പര്യങ്ങൾ സംരക്ഷിക്കുന്ന 55 കേന്ദ്രങ്ങൾ തങ്ങളുടെ 70-ാം ഘട്ട ആക്രമണത്തിൽ തകർത്തതായി ഇറാന്റെ വിപ്ലവ ഗാർഡ് അവകാശപ്പെട്ടു. സ്ഫോടനങ്ങളും പുകയും കൊണ്ട് മേഖല പ്രകമ്പനം കൊള്ളുകയാണെന്ന് ഇറാൻ വ്യക്തമാക്കി.



