ഡോ. ജോർജ് എം. കാക്കനാട്

ഹൂസ്റ്റൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത് സ്വന്തം കാലിൽ നിൽക്കാം എന്ന ആത്മവിശ്വാസത്തിൽ. പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഈ ജലപാത സംരക്ഷിക്കാൻ സഖ്യകക്ഷികൾ സ്വന്തം യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.

ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് നിലവിൽ കടുത്ത ഭീഷണി നേരിടുകയാണ്. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി വിവിധ രാജ്യങ്ങൾ തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഈ പാതയെയാണ് ആശ്രയിക്കുന്നത്. അമേരിക്കയേക്കാൾ കൂടുതൽ ഈ രാജ്യങ്ങൾ പാതയെ ആശ്രയിക്കുന്നതിനാൽ, കപ്പലുകൾക്ക് കാവലൊരുക്കാൻ ആ രാജ്യങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്നായിരുന്നു ട്രംപിന്റെ ആഹ്വാനം. എന്നാൽ ഇന്ത്യ ഇതിനോടകം തന്നെ ‘ഓപ്പറേഷൻ സങ്കൽപ്’ എന്ന പേരിൽ സ്വന്തം നിലയിൽ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നുണ്ട്.

അമേരിക്കൻ സൈനിക സഖ്യത്തിന്റെ ഭാഗമാകാതെ തന്നെ ഇന്ത്യ തങ്ങളുടെ തന്ത്രപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് മുൻഗണന നൽകുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഇന്ത്യൻ പതാക വഹിച്ച രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടിരുന്നു. ഇറാന്റെ ഉപരോധ ഭീഷണി നിലനിൽക്കെ തന്നെ നയതന്ത്ര ചർച്ചകളിലൂടെയാണ് ഇന്ത്യ തങ്ങളുടെ കപ്പലുകൾക്ക് വഴി തുറന്നത്. ഇറാനുമായുള്ള ദീർഘകാല സൗഹൃദം ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്ക് സഹായകരമാകുന്നുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ സുരക്ഷാ സഹകരണം വേണമെന്ന് അമേരിക്ക ആവർത്തിക്കുന്നുണ്ടെങ്കിലും, ജപ്പാൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും നിലവിൽ കപ്പലുകൾ അയക്കാൻ തയ്യാറായിട്ടില്ല. മേഖലയിലെ സമാധാനവും ഊർജ്ജ സുരക്ഷയും മുൻനിർത്തി സ്വതന്ത്രമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്നും ഇന്ത്യൻ കപ്പലുകൾക്ക് അനുകൂലമായ നിലപാടാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.