അന്തരിച്ച സംഗീതജ്ഞൻ പി.ആർ. സുരേഷിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പടരുന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി മക്കളും ഗായികമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും. 24 ന്യൂസ് ചാനലിലെ ‘തമ്മിൽ തമ്മിൽ’ എന്ന പരിപാടിയിൽ മിത്രകുലം കമ്യൂൺ മാനേജിങ് ട്രസ്റ്റി അനിൽ ജോസ് നടത്തിയ പരാമർശങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്.

വൃദ്ധസദനങ്ങൾ പെരുകുന്ന കേരളം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയാണ് അനിൽ ജോസ് അമൃതയുടെ പിതാവിനെക്കുറിച്ച് സംസാരിച്ചത്. എറണാകുളത്തെ മിത്രകുലം കമ്യൂണിൽ സുരേഷ് കുറച്ചുകാലം താമസിച്ചിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അനിൽ ജോസിന്റെ വാക്കുകൾ: “അമൃത സുരേഷിന്റെ അച്ഛൻ സുരേഷ് സാർ മരിക്കുന്നതിന് കുറച്ചു കാലം മുൻപ് വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം വലിയൊരു കലാകാരനായിരുന്നു. ഞങ്ങളുടെ സ്ഥാപനത്തിൽ നിന്നുമാണ് അദ്ദേഹം പല പ്രോഗ്രാമുകൾക്കും പോയിരുന്നത്.”

ഇതൊരു സാധാരണ വൃദ്ധസദനമല്ലെന്നും, മറിച്ച് വിവിധ വിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഒരു ‘കമ്യൂൺ’ ആണെന്നും അനിൽ ജോസ് വ്യക്തമാക്കിയിരുന്നു. 

ഈ വീഡിയോ പുറത്തുവന്നതോടെ, അച്ഛനെ സ്നേഹത്തോടെ പരിചരിക്കുന്നവരാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമൃതയും അഭിരാമിയും എന്തിനാണ് അച്ഛനെ ഇത്തരമൊരു സ്ഥാപനത്തിൽ താമസിപ്പിച്ചത് എന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തി. സ്വന്തമായി വീടും സന്തുഷ്ട കുടുംബവുമുള്ള ഒരാൾക്ക് എന്തുകൊണ്ട് അവിടെ അഭയം തേടേണ്ടി വന്നു എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കൊഴുത്തു.

അതോടെയാണ്, പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അമൃതയും അഭിരാമിയും രംഗത്തെത്തിയത്. തങ്ങളുടെ പിതാവിനെക്കുറിച്ച് വന്ന വാർത്തകളിലെ പിഴവുകൾ അവർ തിരുത്തി:

തിരുത്തി:

” ഞങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള തെറ്റായ രീതിയില്‍ പ്രചരിക്കുന്ന വിഷയത്തില്‍ വ്യക്തത നല്‍കാനാണ് വന്നിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇനി മുമ്പോട് അനാവശ്യ ചര്‍ച്ചകളുണ്ടാകാതിരിക്കാനാണ് ഞങ്ങള്‍ തന്നെ നേരിട്ട് വന്ന് വ്യക്തത തരുന്നത്. ഇന്നലെ പ്രചരിപ്പിച്ച വാര്‍ത്ത ഞങ്ങളുടെ അച്ഛന്‍, അവസാന കാലത്ത് അനാഥാശ്രമത്തിലായിരുന്നു, ഞങ്ങള്‍, അമൃതയും അഭിരാമിയും അമ്മയും അച്ഛനെ അനാഥാശ്രമത്തില്‍ തള്ളി എന്നായിരുന്നു. മല്ലു ട്രെന്റ് ടോക്കര്‍ എന്ന യൂട്യൂബ് ചാനലാണ് ആദ്യം എടുത്തത്. 


ഈ ചര്‍ച്ചയില്‍ പറയുന്ന കമ്യൂണിന്റെ ട്രസ്റ്റിയും കൂടിയാണ് അച്ഛന്‍. മിത്ര കുലത്തില്‍ ഞങ്ങളും പലതവണ പോയിട്ടുണ്ട്. അച്ഛന്‍ ഇതേപോലെ ഒരുപാട് കമ്യൂണുകളുടെ ഭാഗമായിട്ടുള്ള ആളാണ്. അവരെ സംഗീതം പഠിപ്പിക്കുക, അവരെ സ്റ്റേജില്‍ കൊണ്ടുവരിക, അവരുടെ കൂടെ സമയം ചെലവിടുക, തുടങ്ങിയ കാര്യങ്ങളിലൊക്കെ സജീവമായ ആളാണ്. അത് അച്ഛന് ചെയ്യാന്‍ ഇഷ്ടമുള്ളൊരു കാര്യമായിരുന്നു. അച്ഛന്റെ തീരുമാനങ്ങളെ എതിര്‍ക്കുന്ന മക്കളുമല്ല ഞങ്ങള്‍. ഞങ്ങളും ആവുന്ന വിധത്തില്‍ അതിന്റെ ഭാഗമാകാന്‍ ശ്രമിക്കാറുണ്ട്. 

അങ്കിള്‍ ആ ചര്‍ച്ചയില്‍ പറഞ്ഞത് സുരേഷ് സാര്‍ അടക്കമുള്ള പലരും ഞങ്ങളുടെ കമ്യൂണിന്റെ ഭാഗമാണ് എന്നാണ്. അല്ലാതെ അച്ഛനെ ഞങ്ങള്‍ അവിടെ കൊണ്ടു പോയി തള്ളിയതല്ല. ഒരാളുടെ ഒരു വാക്ക് കേട്ട് ഞങ്ങളെ കൂട്ടമായി ആക്രമിക്കും മുമ്പ് ഞങ്ങളുടെ ഇത്രയും കാലത്തെ ജീവിതം മുഴുവന്‍ വ്‌ളോഗുകളിലൂടേയും മറ്റും ദിവസവും കണ്ടവരാണ് നിങ്ങള്‍. അച്ഛന്‍ അതിലൊക്കെ എത്ര ആക്ടീവായിരുന്നുവെന്ന് ഞങ്ങളേക്കാളും നിങ്ങള്‍ക്ക് അറിയാം,” അമൃതയും അഭിരാമിയും പറയുന്നു.