രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തിൽനിന്ന് സൂപ്പർതാരം രജനീകാന്ത് അവസാനനിമിഷം പിന്മാറിയത് ഡി.എം.കെ. കുടുംബത്തിന്റെ ഭീഷണി കാരണമായിരുന്നെന്ന് തമിഴക വെട്രി കഴകം പ്രചാരണവിഭാഗം ജനറൽ സെക്രട്ടറി ആധവ് അർജുന. ഭീഷണികൾ അതിജീവിക്കാനുള്ള കരുത്തുള്ളതുകൊണ്ടാണ് വിജയ് രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.ജി.ആറിനുശേഷം തമിഴ്‌നാട്ടിൽ ഏറ്റവും ജനപ്രീതി നേടിയ ചലച്ചിത്രതാരമായ രജനീകാന്തിന് രാഷ്ട്രീയത്തിലിറങ്ങാനും സംസ്ഥാനത്ത് മാറ്റങ്ങൾ കൊണ്ടുവരാനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഡി.എം.കെ. നേതൃസ്ഥാനത്തുള്ള കുടുംബത്തിൽനിന്ന് പല ഭീഷണികളും വന്നു. രജനീകാന്ത് ഇന്ന് അതേ കുടുംബത്തിന്റെ റെഡ് ജയന്റ് ഫിലിംസിന്റെ സിനിമകളിൽ അഭിനയിക്കുന്നു. ഡി.എം.കെ.യെ വിമർശനമുന്നയിച്ചിരുന്ന എം.ഡി.എം.കെ. നേതാവ് വൈകോയും വി.സി.കെ. നേതാവ് തോൽ തിരുമാവളവനും സ്വന്തമായി പാർട്ടിയുണ്ടാക്കിയ നടൻ കമൽ ഹാസനും ഇപ്പോൾ ഡി.എം.കെ. സഖ്യത്തിലാണ്. ഇതാണ് അധികാരത്തിന്റെയും പണത്തിന്റെയും ശക്തി -ബുധനാഴ്ച ടി.വി.കെ.യുടെ പ്രതിഷേധയോഗത്തിൽ ആധവ് അർജുന പറഞ്ഞു.
രജനീകാന്തിനെ കുറ്റപ്പെടുത്താനല്ല, രാഷ്ട്രീയത്തിലെ ഭീഷണികളെക്കുറിച്ച് വിശദമാക്കാനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് ആധവ് പറഞ്ഞു. വിജയ്ക്കുനേരേയും പലതരം ഭീഷണികളുണ്ടായിരുന്നെന്നും അതെല്ലാം നേരിടാനുള്ള കരുത്തുള്ളതുകൊണ്ടാണ് അദ്ദേഹം പിടിച്ചുനിൽക്കുന്നതെന്നും ആധവ് അവകാശപ്പെട്ടു.
രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തിൽനിന്ന് താൻ പിന്മാറിയത് ഡോക്ടറുടെ ഉപദേശം മാനിച്ചാണെന്ന് രജനീകാന്ത് രണ്ടുവർഷംമുൻപ് വെളിപ്പെടുത്തിയിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന താൻ കോവിഡിന്റെ രണ്ടാംതരംഗത്തിന്റെ സമയത്ത് രാഷ്ട്രീയത്തിലിറങ്ങുന്നത് അപകടമാണെന്നായിരുന്നു ഡോക്ടറുടെ ഉപദേശം എന്നാണ് രജനി പറഞ്ഞത്.



