ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള സ്ലീപ്പർ സെല്ലുകളെ ഉണർത്താൻ ഇറാൻ രഹസ്യ സന്ദേശം അയച്ചതായി റിപ്പോർട്ട്. യുഎസ് ഇന്റലിജൻസ് ഏജൻസികളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാൻ്റെ പരമോന്നത ആത്മീയ നേതാവായ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടത്. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ മിസൈൽ ആക്രമണം ഇറാൻ്റെ ഭരണകൂടത്തെയും സൈനിക നേതൃത്വത്തെയും ഒരേപോലെ ഞെട്ടിച്ചു.
പതിറ്റാണ്ടുകളായി ഇറാന്റെ രാഷ്ട്രീയ-സൈനിക നയങ്ങൾ നിയന്ത്രിച്ചിരുന്ന ഖമനയിയുടെ വിടവാങ്ങൽ മധ്യേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ മരണത്തിന് പിന്നാലെ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഖമനയിയുടെ മകൻ മൊജ്തബ ഖമനയിയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തുവെങ്കിലും യുദ്ധത്തിൻ്റെ ഭീകരത തെല്ലും കുറഞ്ഞിട്ടില്ല.
ഖമനയിയുടെ മരണത്തിന് തൊട്ടുപിന്നാലെ ഇറാനിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് എൻക്രിപ്റ്റ് ചെയ്ത ചില പ്രത്യേക റേഡിയോ സന്ദേശങ്ങൾ പ്രവഹിച്ചതായാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിശബ്ദമായി പ്രവർത്തിക്കുന്ന ഇറാനിയൻ സ്ലീപ്പർ സെല്ലുകളെ സജീവമാക്കാനുള്ള ഒരു ‘ഓപ്പറേഷണൽ ട്രിഗർ’ ആയിരിക്കാം ഈ സന്ദേശങ്ങൾ എന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കുകളോ ഉപയോഗിക്കാതെ, പഴയകാല റേഡിയോ ഫ്രീക്വൻസികൾ വഴി അയച്ച ഈ സന്ദേശങ്ങൾ കണ്ടെത്തുക പ്രയാസകരമാണ്. ഡീകോഡ് ചെയ്യാൻ കഴിയാത്ത വിധം അതീവ സുരക്ഷയുള്ള കീ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
ഇറാൻ്റെ ഈ സന്ദേശങ്ങൾ ഒന്നിലധികം രാജ്യങ്ങളിലൂടെ റീബ്രോഡ്കാസ്റ്റ് ചെയ്യപ്പെട്ടതായും നിരീക്ഷകർ പറയുന്നു. ഇത് സാധാരണയായുള്ള ആശയവിനിമയ ശൈലിയല്ലെന്നും, ലോകമെമ്പാടുമുള്ള ചാരന്മാരിലേക്കും വിദേശ രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള ഇറാൻ്റെ സൈനിക വിഭാഗങ്ങളിലേക്കും നിർദ്ദേശങ്ങൾ എത്തിക്കാനാണ് ഈ നീക്കമെന്നും കരുതപ്പെടുന്നു. അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ, പാശ്ചാത്യ രാജ്യങ്ങളിൽ ഇറാൻ്റെ പ്രതികാരം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സുരക്ഷാ ഏജൻസികൾ. പ്രത്യേകിച്ച് അമേരിക്കൻ സൈനിക താവളങ്ങളുള്ള രാജ്യങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.
ഇസ്രായേൽ-ഇറാൻ യുദ്ധം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ സംഘർഷം അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസം ടെഹ്റാനിലെ എണ്ണ സംഭരണികൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേൽ ശക്തമായ മിസൈൽ വർഷം നടത്തി. ഇറാൻ്റെ തിരിച്ചടിയിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും വലയുന്നുണ്ട്. ഇറാനിയൻ മിസൈലുകൾ പതിച്ച് സൗദിയിൽ ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് വിദേശികൾ കൊല്ലപ്പെട്ടത് ഇതിനകം വാർത്തയായിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര സ്ഥിതിയും അതീവ ഗുരുതരമാണ്. 1300-ലധികം സിവിലിയന്മാർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയിലെ ഇറാൻ്റെ പ്രതിനിധി അറിയിച്ചത്.
സ്ലീപ്പർ സെല്ലുകൾ എന്നത് ഏതു സമയത്തും ആക്രമണം നടത്താൻ സജ്ജമായി സാധാരണ ജനങ്ങൾക്കിടയിൽ കഴിഞ്ഞുകൂടുന്ന ഗ്രൂപ്പുകളാണ്. ഖാംനഈയുടെ മരണത്തിന് പകരമായി ഇത്തരം ഗ്രൂപ്പുകളെ ഉപയോഗിച്ച് യൂറോപ്പിലോ അമേരിക്കയിലോ വലിയ ആക്രമണങ്ങൾ നടത്താൻ ഇറാൻ ലക്ഷ്യമിടുന്നുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. നിലവിൽ ഒരു പ്രത്യേക സ്ഥലത്ത് ഭീഷണിയുണ്ടെന്ന് ഏജൻസികൾ പറയുന്നില്ലെങ്കിലും ആഗോളതലത്തിൽ അതീവ ജാഗ്രത പാലിക്കാൻ സുരക്ഷാ സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



