ഇറാനെതിരെയുള്ള അമേരിക്കൻ സൈനിക നീക്കം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കെ, സംഘർഷ മേഖലയിൽ നിന്ന് പുതിയ അവകാശവാദവുമായി ഇറാൻ രംഗത്ത്. നിരവധി അമേരിക്കൻ സൈനികരെ തങ്ങളുടെ സൈന്യം തടവിലാക്കിയതായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി വെളിപ്പെടുത്തി. 

അന്തരിച്ച പരമോന്നത നേതാവ് ആഇശ ഖമനയിയുടെ വിശ്വസ്തനായ ലാറിജാനി, പിടികൂടിയ സൈനികരെ സുരക്ഷിതമായ ജയിലുകളിൽ പാർപ്പിച്ചിരിക്കുകയാണെന്നും വ്യക്തമാക്കി. 2026 മാർച്ച് എട്ട് ഞായറാഴ്ചയാണ് പശ്ചിമേഷ്യൻ യുദ്ധമുഖത്തെ ചൂടുപിടിപ്പിക്കുന്ന ഈ വാർത്ത പുറത്തുവന്നത്.

അതേസമയം, ഇറാന്റെ അവകാശവാദത്തെ യുഎസ് സൈന്യം കർശനമായി നിഷേധിച്ചു. ഇതുവരെ തങ്ങളുടെ ഒരു സൈനികനെപ്പോലും ഇറാൻ പിടികൂടിയിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്നുള്ള വെറും നുണപ്രചാരണം മാത്രമാണിതെന്നും അമേരിക്കൻ സൈനിക വൃത്തങ്ങൾ പ്രതികരിച്ചു. സൈനികരുടെ മനോവീര്യം തകർക്കാനുള്ള തന്ത്രമാണ് ഇറാൻ പയറ്റുന്നതെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.

അമേരിക്കൻ സൈനികരുടെ മരണത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ് കള്ളം പറയുകയാണെന്ന് അലി ലാറിജാനി ആരോപിച്ചു. ഇറാന്റെ പ്രത്യാക്രമണത്തിൽ ആറ് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന ട്രംപിന്റെ വാദം തെറ്റിദ്ധാരണാജനകമാണ്. യഥാർത്ഥത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 500-ന് മുകളിലാണെന്ന് ലാറിജാനി നേരത്തെ ആരോപിച്ചിരുന്നു. 

‘ഇനി വരും ദിവസങ്ങളിൽ മറ്റു പല കാരണങ്ങൾ നിരത്തി യുഎസ് ഈ മരണസംഖ്യ പതുക്കെ ഉയർത്തും. അപകട മരണമെന്നോ മറ്റോ വ്യാജമായി സൃഷ്ടിച്ച കാരണങ്ങളാകും അവർ നിരത്തുക. തടവിലാക്കിയ സൈനികരെ സൈനിക നടപടികളിൽ കൊല്ലപ്പെട്ടവരായി ചിത്രീകരിക്കാനും അവർ ശ്രമിച്ചേക്കാം. എന്നാൽ സത്യം അധികകാലം മറച്ചുവെക്കാനാകില്ല’ – എക്സിലെ (X) കുറിപ്പിൽ അദ്ദേഹം പറഞ്ഞു.