ഇറാന്റെ പുതിയ നേതാവിനെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തനിക്ക് വ്യക്തിപരമായ ഇടപെടൽ വേണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഖമേനിയുടെ മകൻ മോജ്തബ ഖമേനിയെ അടുത്ത നേതാവായി നിയമിക്കാനുള്ള നീക്കങ്ങൾ തനിക്ക് അംഗീകരിക്കാനാവില്ലെന്നും പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കി.
‘ആക്സിയോസിന്’ നൽകിയ അഭിമുഖത്തിലാണ് ഇറാൻ്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. “ഖമേനിയുടെ മകൻ എനിക്ക് സ്വീകാര്യനല്ല. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളെയാണ് നമുക്ക് വേണ്ടത്. ഇറാൻ നേതൃത്വത്തെ നിശ്ചയിക്കുന്നതിൽ എനിക്ക് പങ്കുണ്ടാകണം. മറിച്ച് അവർ സമയം കളയുന്നതിൽ അർത്ഥമില്ല. മോജ്തബ ഖമേനി ഒരു ലൈറ്റ്വെയ്റ്റ് മാത്രമാണ്,” ട്രംപ് പരിഹസിച്ചു.
പിൻഗാമിയെ നിശ്ചയിക്കുന്നതിനായി ഇറാനിലെ ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ യോഗം ചേരുന്നതായും മോജ്തബയുടെ പേര് സജീവ പരിഗണനയിലാണെന്നും ന്യൂയോർക്ക് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. എന്നാൽ മോജ്തബ ഖമേനി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ആരാണ് ഇറാൻ നേതൃത്വത്തിലേക്ക് വരാൻ സാധ്യതയുള്ളതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ഞങ്ങൾ മനസ്സിൽ കണ്ടിരുന്ന മിക്ക ആളുകളും ഇപ്പോൾ കൊല്ലപ്പെട്ടു കഴിഞ്ഞു” എന്നായിരുന്നു നേരത്തെ ട്രംപ് നൽകിയ മറുപടി.



