ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ക്ഷേത്ര പരിസരവും റോഡും വൃത്തിയാക്കാൻ നേതൃത്വം കൊടുത്ത തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ അഭിനന്ദിച്ച് നടി മല്ലിക സുകുമാരൻ. സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരിയാണ് രാജേഷെന്ന് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റേത് മനസിൽ മായാതെ നിൽക്കുന്ന സത്പ്രവൃത്തിയാണെന്നും മല്ലിക കുറിച്ചു.
വി.വി. രാജേഷിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് മല്ലിക സുകുമാരൻ അദ്ദേഹത്തെ പുകഴ്ത്തിയത്. “ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല. മറിച്ച് സാധാരണക്കാരുടെ മനസ്സിൽ മങ്ങാതെ, മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണ്. സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി…. ഞാൻ വളരെ മുൻപേ പറഞ്ഞതാണ്.. ആരാധ്യനായ മേയർക്ക് അഭിനന്ദനങ്ങൾ… Rajesh… എല്ലാ ഭാവുകങ്ങളും….” മല്ലിക സുകുമാരന്റെ വാക്കുകൾ.
“ഇതാകണം മേയർ. പൊങ്കാല ദിവസം വെളുപ്പിനെ പൊങ്കാല ഇടുന്ന ഭക്തർക്കിടയിൽ എത്തിയ രാജേഷും ടീമും ഭംഗിയായി പൊങ്കാല നടത്തി. ടാങ്കറിൽ വെള്ളം എത്തിച്ചു.
പൊങ്കാല എല്ലാം കഴിഞ്ഞ് റോഡ് എല്ലാം വൃത്തിയാക്കി, കൃത്രിമ മഴ പെയ്യിച്ച് റോഡ് കഴുകി. എല്ലാം പൂർത്തിയാക്കി വീട്ടിൽ പോയപ്പോൾ സമയം അടുത്ത ദിവസം വെളിപ്പിനു രണ്ട് മണി…ബിഗ് സല്യൂട്ട്.’’–മേയറെ പ്രശംസിച്ച് മല്ലിക പങ്കുവച്ച പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. റോഡ് വൃത്തിയാക്കുന്ന ജോലികൾ കഴിഞ്ഞ് പുലർച്ചെ 2.10-ന് കരമനയിൽനിന്ന് പിരിഞ്ഞു എന്ന വി.വി. രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടും ഈ പോസ്റ്ററിൽ കാണാം.
ശുചീകരണപ്രവർത്തനങ്ങൾ ഇങ്ങനെ
പൊങ്കാല അടുപ്പുകൾ എരിഞ്ഞടങ്ങി അഗ്നിശുദ്ധമായതിന് മണിക്കൂറുകൾക്കുള്ളിലാണ് നഗരം ശുചീകരിച്ചത്. ആറ്റുകാലിൽ പൊങ്കാല നിവേദ്യം കഴിഞ്ഞതിന് പിന്നാലെ രണ്ടരയോടെതന്നെ കോർപ്പറേഷന്റെ നേതൃത്വത്തിൽ മാലിന്യമാറ്റവും തുടങ്ങി. മേയർ വി.വി.രാജേഷ് ആറ്റുകാലിൽ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.ആർ.ഗോപനും ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ഏകദേശം 3500 ശുചീകരണ തൊഴിലാളികളെയാണ് നഗരത്തിലാകമാനം വിന്യസിച്ചിരുന്നത്. ഇതിൽ 1200-ഓളം കോർപ്പറേഷന്റെ കണ്ടിൻജന്റ് ജീവനക്കാരും ബാക്കി ശുചീകരണത്തിനായി താത്കാലികമായെടുത്ത തൊഴിലാളികളുമാണ്. മാലിന്യങ്ങൾ ശേഖരിച്ച് നാലു കേന്ദ്രങ്ങളിലേക്ക് മാറ്റി. ഈഞ്ചയ്ക്കൽ, ആറ്റുകാൽ, എന്നിവിടങ്ങളിലും ഒഴിഞ്ഞു കിടന്ന മറ്റ് രണ്ടു സർക്കാർ സ്ഥലങ്ങളിലേക്കുമാണ് മാലിന്യം താത്കാലികമായി കൊണ്ടിട്ടത്.
മാലിന്യങ്ങൾ മാറ്റാനായി വലിയ ടിപ്പറുകൾ മുതൽ ചെറിയ ലോറികൾ വരെയുള്ള 227 വാഹനങ്ങളാണ് ഉപയോഗിച്ചത്. കോർപ്പറേഷൻ വക വാഹനങ്ങളും വ്യക്തികളും സംഘടനകളും സൗജന്യമായി നൽകിയ വാഹനങ്ങളുമുണ്ടായിരുന്നു. പൊങ്കാലയിടാനുപയോഗിച്ച കട്ടകൾ റോഡുവക്കിൽ അടുക്കി മാറ്റി. ഇവ അടുത്ത ഘട്ടമായി മാറ്റിത്തുടങ്ങി. കോർപ്പറേഷൻ ധനസഹായത്തോടെ വയ്ക്കുന്ന വീടുകളുടെ നിർമാണത്തിന് ഇവ കൈമാറും. ചാല ബോയ്സ് സ്കൂൾ ഗ്രൗണ്ടിലാണ് ഇവ സൂക്ഷിക്കുന്നത്.
രാത്രി പ്രധാന വഴികളിൽ വെള്ളം സ്പ്രേ ചെയ്ത് പൊടി ശമിപ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഒരുക്കിയത്. തുടർന്ന് കൃത്രിമ മഴ ഉപയോഗിച്ച് പ്രധാന റോഡുകൾ കഴുകി വൃത്തിയാക്കുകയും ചെയ്തു. ഇടറോഡുകളിലെ കട്ടകളും മാലിന്യങ്ങളും മാറ്റുന്ന ജോലികൾ വരും ദിവസങ്ങളിലും തുടരും.



