ഇറാൻ്റെ അടുത്ത പരമാധികാര നേതാവായി ആര് തിരഞ്ഞെടുക്കപ്പെട്ടാലും അദ്ദേഹം ഇസ്രായേലിൻ്റെ ലക്ഷ്യമായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ബുധനാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇറാന് മുന്നറിയിപ്പ് നൽകിയത്. “ഇസ്രായേലിനെ നശിപ്പിക്കാനും, അമേരിക്കയ്ക്കും സ്വതന്ത്ര ലോകത്തിനും ഭീഷണിയാകാനും, ഇറാനിലെ ജനങ്ങളെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനാണ് ഇറാനിലെ ഭീകര ഭരണകൂടം പുതിയ നേതാവിനെ നിയമിക്കുന്നതെങ്കിൽ, അദ്ദേഹം ഇസ്രായേലിൻ്റെ ഉന്മൂലന പട്ടികയിലുണ്ടാകും,” എന്ന് കാറ്റ്സ് കുറിച്ചു.
ഇറാനിലെ പരമാധികാര നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ മരണത്തെത്തുടർന്ന് പുതിയ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ ഇറാനിൽ സജീവമാണ്. ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിൻ്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പരമോന്നതാ നേതാവായി തിരഞ്ഞെടുത്തെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഇതിനിടെയാണ് ഇസ്രായേലിൻ്റെ ഭാഗത്തുനിന്നും ഇത്തരമൊരു പരസ്യമായ ഭീഷണി ഉയരുന്നത്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഈ പ്രസ്താവനയോടെ കൂടുതൽ വഷളായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഇറാൻ്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുല്ല റൂഹുള്ള ഖമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്.



