‘ബാന്ദ്ര’ സിനിമക്ക് ശേഷം അഭിനയം തന്നെ നിര്‍ത്തിയാലോ എന്ന് ആലോചിച്ചിരുന്നുവെന്ന് മന്ത്രി ഗണേഷ് കുമാര്‍. ‘ബാന്ദ്ര’ സിനിമയിൽ അഭിനയിക്കാൻ പോയത് തനിക്ക് വലിയ അപമാനവും സങ്കടവുമുണ്ടാക്കിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്രയും വർഷത്തെ അഭിനയപരിചയം ഉള്ള എന്നോട് ദിലീപ് അടക്കം മോശമായി പെരുമാറി എന്ന് എനിക്ക് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന്‍റെ ‘മന്ത്രിക്ക് മാര്‍ക്കെത്ര’ എന്ന പരിപാടിയിലാണ് ഗണേഷ് മനസ് തുറന്നത്. 

ഞാൻ അഭിനയിക്കേണ്ട ചില സീനുകൾ ഞാൻ ഇല്ലാതെ ഷൂട്ട് ചെയ്യുന്നതുപോലെയുള്ള മര്യാദകേടുകൾ അവർ കാണിച്ചു. അതിനുശേഷം, സിനിമയിൽ ഇനി അഭിനയിക്കേണ്ട എന്ന് തോന്നി. ‘ബാന്ദ്ര’ സിനിമയുടെ സംവിധായകനും ദിലീപുമടക്കമുള്ളവർ എന്നെ വേദനിപ്പിച്ചു. നല്ല റോൾ ആണെന്ന് പറഞ്ഞാണ് വിളിച്ചത്. പക്ഷെ നല്ല റോൾ കിട്ടിയില്ല. കോമ്പിനേഷൻ സീനുകൾ വരുന്ന ഘട്ടത്തിൽ ദിലീപ് പോലും ചോദിച്ചില്ല, ഞാൻ എവിടെയെന്ന്. സീനിയറായിട്ടുള്ള ഒരു നടനോട് അവർ ഇങ്ങനെ ചെയ്തു എന്ന് ആലോചിച്ചപ്പോഴാണ് ഇനി അഭിനയിക്കേണ്ട എന്ന് തോന്നിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

സിനിമയിൽ എനിക്ക് നല്ല വേഷങ്ങൾ കിട്ടിയില്ല എന്നൊരു വേദന തനിക്കുണ്ടെന്നും ഗണേഷ് കുമാര്‍ പറ​ഞ്ഞു. ആകസ്മികമായി സിനിമയിൽ എത്തിയതല്ല. കെ.ജി ജോർജ് സാർ വിളിച്ചിട്ടാണ് ഞാൻ സിനിമയിൽ വന്നത്. പക്ഷെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയതോടെ എനിക്ക് ഇതൊരു പാഷൻ ആയി മാറി. നല്ല വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചു. പ്രയദർശൻ, ഷാജി കൈലാസ്, ഡെന്നീസ് ജോസഫ്, രൺജി പണിക്കർ എന്നിങ്ങനെ ചുരുക്കം ചിലരേ എനിക്ക് നല്ല വേഷങ്ങൾ തന്നിട്ടുള്ളൂ. അവരോടൊക്കെ എനിക്ക് നന്ദിയും സ്നേഹവുമുണ്ട്.