റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം. എംബസിയില്‍ രണ്ട് ഡ്രോണുകൾ പതിച്ചതായാണ് സൗദി ഡിഫൻസ് സ്ഥിരീകരിച്ചു. തീപിടിത്തമുണ്ടായി. ആക്രമണ സമയത്ത് എംബസിയിൽ ആരും ഉണ്ടായിരുന്നില്ലെന്ന് യുഎസ് അധികൃതർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഇറാന് നേരെ കനത്ത അടി വരാൻ പോകുന്നതേയുള്ളൂ എന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇറാനെ തടയാൻ ഇതാണ് ഏറ്റവും മികച്ച അവസരം എന്നതുകൊണ്ടാണ് ആക്രമണം തുടങ്ങിയതെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടാവുകയും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി. ആക്രമണത്തോട് പ്രതികരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇറാനുമായുള്ള സംഘർഷത്തിനിടെ യുഎസ് സൈനികർ കൊല്ലപ്പെട്ടതിനും ഉചിതമായ മറുപടി ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു. റിയാദ് മേഖലയിലെ അമീർ സുൽത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തിങ്കളാഴ്ച സൗദി അറേബ്യ വിജയകരമായി തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് എംബസിക്ക് നേരെയുള്ള നീക്കമുണ്ടായത്.