വിവാദ ചിത്രം ദ് കേരള സ്റ്റോറി 2വിനെതിരെ രൂക്ഷവിമര്‍ശനവുമായി ട്രാവല്‍ വ്ലോഗര്‍ സുജിത് ഭക്തന്‍. ഫിജിയുടെ തലസ്ഥാനമായ സുവായിലൂടെയുള്ള യാത്രക്കിടെ ഒരു തിയറ്ററിന് മുന്നില്‍ ദ് കേരള സ്റ്റോറി 2വിന്‍റെ പോസ്റ്റര്‍ കണ്ടതിന് പിന്നാലെയാണ് സുജിത്ത് പ്രത്യേകമായി ഒരു വിഡിയോ തന്നെ പങ്കുവച്ചത്. പോസ്റ്റര്‍ കണ്ടപ്പോള്‍ തന്‍റെ തൊലി ഉരിഞ്ഞുപോയെന്നും സര്‍ക്കാര്‍ എന്ത് ചെയ്തുകൊണ്ടിരിക്കുകയാണെന്നും സുജിത് ചോദിച്ചു.  

‘നമ്മുടെ നാട്ടില്‍ കേരള സ്റ്റോറി വിവാദം നടന്നുകൊണ്ടിരിക്കുകയല്ലേ. ഞാന്‍ ഇപ്പോള്‍ ഫിജിയെന്ന സ്ഥലത്താണ് ഉള്ളത്. ഓസ്‌ട്രേലിയുടെ മുകളില്‍ കിടക്കുന്ന പസഫിക് രാജ്യമാണ് ഫിജി. 40 ശതമാനം ഇന്ത്യക്കാരുള്ള രാജ്യം, അതില്‍ ഭൂരിഭാഗവും ഹിന്ദി സംസാരിക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് ഇവിടെ തൊഴിലിനായി ബ്രിട്ടീഷുകാരാല്‍ ചൂഷണം ചെയ്യപ്പെട്ട് ഇവിടെ എത്തിപ്പെട്ടവരാണ് ഇവര്‍. അവരുടെ മൂന്നാമത്തെ തലമുറയാണ് ഇവിടെ ഇന്ന് താമസിക്കുന്ന ഇന്ത്യക്കാര്‍. എന്നാല്‍ ഇവര്‍ക്ക് ഇന്ത്യയുമായി ഒരു ബന്ധവുമില്ല. 

ഫിജിയുടെ തലസ്ഥാനമായ സുവാ എന്ന സ്ഥലത്തെ തിയറ്ററിന് മുന്നില്‍ കേരള സ്റ്റോറി 2വിന്റെ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. അത് കണ്ടപ്പോള്‍ എന്‍റെ തൊലി ഉരിഞ്ഞുപോയി. അവര്‍ക്ക് കേരളത്തെ പറ്റിയുള്ള ഇംപ്രഷനാണ് ഈ സിനിമ ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്നത്. സത്യം പറഞ്ഞാല്‍ നാണക്കേടാണ്. ഉളുപ്പുണ്ടോ? സര്‍ക്കാര്‍ എന്തിനാണ് നോക്കിയിരിക്കുന്നത്, നിങ്ങള്‍ ഇതില്‍ ഇടപെട്. 

നാളെ ഇവര്‍ ഈ സിനിമ കണ്ടാല്‍ ഇതില്‍ പറയുന്ന പ്രൊപ്പഗണ്ട മുഴുവന്‍ കേരളത്തിന് മേലേക്കാണ് അടിച്ചേല്‍പ്പിക്കാന്‍ പോകുന്നത്. നമ്മുടെ സര്‍ക്കാരൊക്കെ എന്ത് തേങ്ങ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഇതിലിടപെടണം, ഈ പടം നിരോധിക്കണം. ഇതിന് ബംഗാള്‍ സ്റ്റോറിയെന്നോ നോര്‍ത്ത് ഇന്ത്യന്‍ സോറ്റോറി എന്നോ ഇട്. സൗത്ത് ഇന്ത്യന്‍ സ്റ്റോറി എന്നെങ്കിലുമിട്,’ സുജിത് ഭക്തന്‍ വിഡിയോയില്‍ പറ‍ഞ്ഞു.