70-ാമത് ഫിലിംഫെയർ പുരസ്‌കാരവേദിയിൽ തിളങ്ങി നടി പാർവതി തിരുവോത്ത്. തമിഴ് ചിത്രമായ തങ്കലാനിലെ അഭിനയമികവിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിനാണ് പാർവതി അർഹയായത്. പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവെ തന്റെ മാതാപിതാക്കളെ പാർവതി വേദിയിലേക്ക് ക്ഷണിക്കുകയും ഏതു പ്രതിസന്ധിയിലും തന്നെ പിന്തുണയ്ക്കുന്നത് മാതാപിതാക്കളാണെന്നു പറഞ്ഞുകൊണ്ട് അവാർഡ് അവർക്ക് സമർപ്പിക്കുകയും ചെയ്തു.
എന്റെ ജീവിതത്തിലെ രണ്ട് സ്‌പെഷ്യൽ വ്യക്തികൾക്കൊപ്പം ഈ നിമിഷം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി അമ്മയെയും അച്ഛനെയും വേദിയിലേക്ക് ക്ഷണിക്കുകയാണ് എന്നുപറഞ്ഞുകൊണ്ട് ഇരുവരെയും പാർവതി വേദിയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നു.
വേദിയിൽ നിൽക്കുമ്പോൾ എപ്പോഴും പേടി അനുഭവപ്പെടാറുണ്ട്. എന്നാലിപ്പോൾ വീടെന്ന പോലെയുള്ള അനുഭവമാണ് നൽകുന്നത്, അച്ഛനും അമ്മയ്ക്കും മധ്യേ നിന്ന് സംസാരിക്കവെ പാർവതി പറഞ്ഞു. ഞാൻ വേദിയിൽ നിന്ന് കാണുന്ന കാഴ്ച അവരും കാണണം. ഞാനിന്ന് ഇവിടെ നിൽക്കാനുള്ള കാരണം ഇവരാണ്. ഇവർ കാരണമാണെനിക്ക് തുടരാനാകുന്നത്. എന്തൊക്കെ പ്രശ്‌നങ്ങൾ വരുമ്പോഴും എനിക്ക് ധൈര്യം പകരുന്നതും എന്നെ പിന്താങ്ങുന്നതുമെല്ലാം എന്റെ അച്ഛനും അമ്മയുമാണ്, കരച്ചിലടക്കികൊണ്ട് പാർവതി പറഞ്ഞു.
നിങ്ങളുടെ സ്‌നേഹത്തിനും സ്വീകാര്യതയ്ക്കും വിമർശനത്തിനും വെറുപ്പിനും എല്ലാം നന്ദി. അതാണ് എന്നെ നല്ല വ്യക്തിയാവാനും അഭിനേത്രിയാക്കാനും ഇവരുടെ മകളാകാനും സഹായിക്കുന്നത്, പ്രേക്ഷകരോടായി പാർവതി പറഞ്ഞു.



