വാഷിങ്ടൺ: ഇന്ത്യ-യുഎസ് വ്യാപാര കരാർ തീരുമാനമാകാതെ തുടരുന്നതിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ എന്നിവർക്കെതിരേ വിമർശനമുന്നയിച്ചുകൊണ്ടുള്ള യുഎസ് സെനറ്ററുടെ ഓഡിയോ ടേപ്പ് പുറത്ത്. ടെക്സസിൽനിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി ടെഡ് ക്രൂസിന്റെ വാക്കുകളാണ് പുറത്തെത്തിയിരിക്കുന്നത്. ഏകദേശം പത്തുമിനിറ്റോളം ദൈർഘ്യമുള്ളതാണ് ഓഡിയോ ടേപ്പ് എന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2025 മധ്യത്തിൽ സ്വകാര്യ സംഭാവനാദാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിൽനിന്നുള്ളതാണ് ക്രൂസിന്റെ പരാമർശങ്ങളെന്നാണ് വിവരം. ഓഡിയോയിൽ- യുഎസിന്റെ താരിഫ് കേന്ദ്രീകൃതമായ വ്യാപാരനയത്തെ രൂക്ഷമായി വിമർശിക്കുന്ന ക്രൂസ്, ഉന്നതോദ്യോഗസ്ഥരിൽനിന്നുള്ള എതിർപ്പ് ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പുരോഗതിയെ തുടർച്ചയായി തടസ്സപ്പെടുത്തിയെന്നും ആരോപിക്കുന്നുണ്ട്. സ്വതന്ത്ര വ്യാപാര വക്താവായ റിപ്പബ്ലിക്കൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ക്രൂസ്, കരാർ മുന്നോട്ടുകൊണ്ടുപോകുന്നതിന് വൈറ്റ് ഹൗസുമായി പോരാടിയെന്നും ഓഡിയോയിൽ അവകാശപ്പെടുന്നുണ്ട്.
വ്യാപാരകരാർ നിലവിൽ വരാനുള്ള ശ്രമങ്ങൾക്ക് ട്രംപ് ഭരണകൂടത്തിനുള്ളിൽ തടസ്സം സൃഷ്ടിക്കുന്നത് ആര് എന്ന ചോദ്യത്തിന് നവാരോ, വാൻസ് ചിലപ്പോഴൊക്കെ പ്രസിഡന്റ് തന്നെയും എന്നായിരുന്നു ക്രൂസിന്റെ മറുപടി. ട്രംപിന്റെ താരിഫ് ചുമത്തൽ നയം, യുഎസിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്നും ഗുരുതര രാഷ്ട്രീയപ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ഓഡിയോയിൽ ക്രൂസ് പറയുന്നുണ്ട്



