അമേരിക്കൻ കുടിയേറ്റ നിയമങ്ങളിൽ വന്ന പുതിയ മാറ്റങ്ങൾ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഗുണകരമാകുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ അടുത്ത വർഷം ജോലി അധിഷ്ഠിത ഗ്രീൻ കാർഡ് ക്വാട്ടയിൽ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 50,000 അധിക ഗ്രീൻ കാർഡുകൾ ഇത്തരത്തിൽ ലഭ്യമാകുമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ വിലയിരുത്തുന്നു.

75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസകൾക്ക് അമേരിക്കൻ ഭരണകൂടം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതാണ് ഈ പുതിയ സാഹചര്യത്തിന് വഴിയൊരുക്കിയത്. ഈ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഫാമിലി വിസ ക്വാട്ടകൾ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് ഇവ തൊഴിൽ അധിഷ്ഠിത വിസകളിലേക്ക് മാറ്റുന്നത്. സാധാരണയായി ഒരു വർഷം ഉപയോഗിക്കാത്ത വിസകൾ അടുത്ത സാമ്പത്തിക വർഷത്തേക്ക് കൈമാറുകയാണ് പതിവ്.

നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണ്ടാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പൊതു ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഈ നിയന്ത്രണം കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് ഗുണകരമാകും.

ഗ്രീൻ കാർഡ് ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് കാലാവധി കുറയാൻ ഈ മാറ്റം സഹായിക്കുമെന്ന് ഇമിഗ്രേഷൻ അറ്റോർണി എമിലി ന്യൂമാൻ അഭിപ്രായപ്പെട്ടു. മുൻപ് കോവിഡ് കാലഘട്ടത്തിലും സമാനമായ രീതിയിൽ വിസ ക്വാട്ടകൾ വർദ്ധിച്ചിരുന്നു. അന്ന് മുൻഗണനാ തീയതികളിൽ വലിയ മുന്നേറ്റം ഉണ്ടായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇമിഗ്രന്റ് വിസകൾക്ക് മാത്രമാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. എച്ച്-വൺ ബി വിസയിലുള്ളവർക്കോ വിദേശ വിദ്യാർത്ഥികൾക്കോ വിനോദസഞ്ചാരികൾക്കോ ഈ പുതിയ വിസ വിലക്ക് ബാധകമല്ല. അമേരിക്കയിൽ സ്ഥിരതാമസത്തിന് ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് നിലവിലെ പരിശോധനകൾ തടസ്സമാകുന്നത്.

അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിലായിരിക്കും ഈ അധിക വിസകൾ ലഭ്യമാകുക. അമേരിക്കൻ കുടിയേറ്റ നിയമങ്ങളിലെ ഈ സങ്കീർണ്ണമായ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കുടിയേറ്റ ഏജൻസികൾ അറിയിച്ചു. ഗ്രീൻ കാർഡ് നടപടികൾ വേഗത്തിലാകുന്നത് മലയാളി ഐടി പ്രൊഫഷണലുകൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.