യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഒട്ടേറെപ്പേരെയാണ് ബാധിച്ചത്. ബിരുദ പഠനത്തിനായി വലിയ തുക മുടക്കിയ ആയിരക്കണക്കിന് വിദ്യാർഥികളും യുഎസിൽ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. അത്തരത്തിൽ ഒരു ഇന്ത്യൻ കുടുംബം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് എക്‌സിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംരംഭകനായ ആദിത്യ.

രണ്ട് മക്കളേയും അമേരിക്കയിലേക്ക് പഠനത്തിനായി അയയ്ക്കാൻ തന്റെ സുഹൃത്ത് കോടിക്കണക്കിന് രൂപ വായപയെടുത്തുവെന്ന് ആദിത്യ കുറിപ്പിൽ പറയുന്നു. മക്കളുടെ ആഗ്രഹം സാധിക്കാനും അവരെ യുഎസിലേക്ക് അയയ്ക്കാനും രണ്ട് കോടി രൂപയാണ് ഈ പിതാവ് വായ്പയെടുത്തത്. എന്നാൽ ഇപ്പോൾ അയാൾ വലിയ പ്രതിസന്ധിയിലാണെന്നും ആദിത്യ പറയുന്നു.

മക്കൾക്കുവേണ്ടി വായ്പ എടുത്തതിന് പിന്നാലെ യുഎസിലെ എച്ച് 1 ബി വിസാ നിയമങ്ങൾ ട്രംപ് സർക്കാർ കർശനമാക്കി. ഇതോടെ യുഎസ് ബിരുദത്തിനായി വൻതുക നിക്ഷേപിച്ച ഇവർ ഇപ്പോൾ അമേരിക്കയിൽ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. ഇതോടെ മക്കൾക്ക് യുഎസിൽ തുടരാൻവേണ്ടി പിതാവ് നാട്ടിലെ ഫ്‌ളാറ്റ് വരെ വിൽക്കാൻവരെ തയ്യാറായെന്നും കുറിപ്പിലുണ്ട്.

‘യുഎസിലെ മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാകുമ്പോഴേക്കും അച്ഛന് ഒന്നരക്കോടി രൂപ വായ്പയുണ്ടായിരുന്നു. എന്നാൽ എച്ച് 1 ബി വിസ നിയമങ്ങൾ കർശനമാക്കിയതോടെ മക്കൾ അമേരിക്കയിൽ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടി. നാട്ടിലെ ഓരോ വസ്തുവും വിറ്റ് അച്ഛൻ യുഎസിലേക്ക് പണം അയയ്ക്കുന്നത് തുടരുകയും ചെയ്തു. മക്കൾ പാർട്ട്‌ടൈം ജോലികൾ ചെയ്യാൻ തുടങ്ങിയിട്ടും പണം അയയ്ക്കുന്നത്‌ അച്ഛൻ തുടർന്നു. ട്രംപ് അധികാരമേറ്റതോടെ ആ ജോലിയും നഷ്ടപ്പെട്ടു. ഇതോടെ മാസം രണ്ട് ലക്ഷം രൂപ വീതം അച്ഛന് അമേരിക്കയിലേക്ക് അയയ്‌ക്കേണ്ടി വന്നു.

ഒടുവിൽ വരുമാനത്തേക്കാൾ കൂടുതൽ ചെലവ് വന്നു. ഇതോടെ നാട്ടിൽ താമസിക്കുന്ന ഫ്‌ളാറ്റ് വിൽക്കാൻ അദ്ദേഹം തയ്യാറായി. പക്ഷേ അപ്പോഴേക്കും മൂത്ത മകന് യുഎസിൽ ജോലി ലഭിച്ചു. എച്ച് 1 ബി വിസയും ലഭിച്ചു. പക്ഷേ കാര്യമായ ശമ്പളമില്ല. ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്.’-ആദിത്യ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

സമാനമായ സാഹചര്യത്തിലൂടെ ഒരുപാട് വിദ്യാർഥികൾ കടന്നുപോകുന്നതെന്നും യുഎസിലേക്ക് പോകാനുള്ള ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക സാഹചര്യമില്ലെങ്കിൽ തീരുമാനം പുന:പരിശോധിക്കുന്നത്‌ നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.