ലോകഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി തന്റെ പ്രിയപ്പെട്ട പാനീയത്തെക്കുറിച്ച് നടത്തിയ ഒരു ചെറിയ പരാമർശം ആഗോള ഓഹരി വിപണിയിൽ വൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആരാധകരുടെ പ്രിയതാരമാണ് ലയണൽ മെസ്സി. അടുത്തിടെ ‘ലൂസു ടിവി’ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് താൻ ഒഴിവുസമയങ്ങളിൽ ആസ്വദിക്കുന്ന ഒരു പ്രത്യേക പാനീയത്തെക്കുറിച്ച് മെസ്സി മനസ്സ് തുറന്നത്.
സാധാരണയായി വൈൻ കുടിക്കാൻ ഇഷ്ടപ്പെടുന്ന മെസ്സി, അതിൽ അല്പം സ്പ്രൈറ്റ് കൂടി ചേർക്കാറുണ്ടെന്ന് വെളിപ്പെടുത്തി. ‘എനിക്ക് വൈൻ ഇഷ്ടമാണ്, എന്നാൽ വൈൻ മാത്രമായി കുടിക്കുന്നതിനേക്കാൾ അതിൽ അല്പം സ്പ്രൈറ്റ് കൂടി ചേർത്ത് കുടിക്കാനാണ് എനിക്ക് കൂടുതൽ താല്പര്യം. ഇത് പെട്ടെന്ന് ഫലം നൽകും’ എന്ന് തമാശരൂപേണ മെസ്സി പറഞ്ഞു. മിയാമിയിലെ വെയിലത്ത് വിശ്രമിക്കുമ്പോൾ ഈ മിശ്രിതം തന്നെ ഏറെ ആശ്വസിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്സിയുടെ ഈ വാക്കുകൾ പുറത്തുവന്നതിന് പിന്നാലെ കോക്കക്കോള കമ്പനിയുടെ ഓഹരികൾ വിപണിയിൽ കുതിച്ചുയരുന്ന കാഴ്ചയാണ് കണ്ടത്. വെറും മൂന്ന് ദിവസത്തിനുള്ളിൽ കോക്കക്കോളയുടെ വിപണി മൂല്യത്തിൽ 12.9 ബില്യൺ ഡോളറിന്റെ വർധനവുണ്ടായി. ഓഹരി വിലയിൽ ഏകദേശം അഞ്ച് ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്.
ലയണൽ മെസ്സി എന്ന ബ്രാൻഡിന്റെ സ്വാധീനം ഫുട്ബോൾ മൈതാനത്തിന് പുറത്തും എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിപണി ചലനം. 2026 ജനുവരി ആദ്യവാരത്തിലാണ് ഈ അഭിമുഖം പുറത്തുവന്നത്, അത് നിക്ഷേപകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു.
മെസ്സിയുടെ ‘വൈൻ-സ്പ്രൈറ്റ്’ കോംബോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി. മെസ്സിയുടെ ആരാധകർ കൂട്ടത്തോടെ സ്പ്രൈറ്റ് വാങ്ങാൻ കടകളിലേക്ക് ഇരച്ചെത്തി. മെസ്സി കുടിക്കുന്നത് പോലെ വൈനും സ്പ്രൈറ്റും ചേർത്ത് പരീക്ഷിക്കുന്ന വീഡിയോകൾ ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും തരംഗമായി മാറി.
സ്പ്രൈറ്റിലെ കാർബണേഷൻ വൈനിലെ ആൽക്കഹോളിനെ വേഗത്തിൽ ശരീരത്തിൽ എത്തിക്കുമെന്ന ശാസ്ത്രീയ വശങ്ങൾ പോലും ചർച്ച ചെയ്യപ്പെട്ടു. സ്പ്രൈറ്റിനോടുള്ള മെസ്സിയുടെ ഈ പോസിറ്റീവ് പരാമർശം ബ്രാൻഡിന് വലിയ രീതിയിലുള്ള സൗജന്യ പബ്ലിസിറ്റിയാണ് നൽകിയത്.
മുമ്പ് യൂറോ കപ്പിനിടെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുന്നിലിരുന്ന കോക്കക്കോള കുപ്പികൾ മാറ്റി വെച്ച് വെള്ളം കുടിക്കാൻ ആഹ്വാനം ചെയ്തത് കമ്പനിക്ക് വലിയ നഷ്ടം വരുത്തിയിരുന്നു. എന്നാൽ മെസ്സിയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. സ്പ്രൈറ്റ് എന്ന പാനീയത്തെ മെസ്സി തന്റെ പ്രിയപ്പെട്ട പാനീയത്തിന്റെ ഭാഗമായി അവതരിപ്പിച്ചപ്പോൾ അത് കമ്പനിയുടെ ലാഭം കുത്തനെ കൂട്ടി.



