നിർമിതബുദ്ധി (എഐ)യുടെ വരവോടെ ടെക് ഭീമനായ ഗൂഗിളിന് തിരിച്ചടി നേരിടുമെന്ന് പലരും കരുതിയിരുന്നു. ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐ അടക്കമുള്ളവ ഗൂഗിളിനെ പിന്തള്ളി മുന്നേറുമെന്നാണ് പലരും കരുതിയത്. എന്നാൽ ഗൂഗിളിന്റെ ജെമിനി 3.0-യുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ഗൂഗിളിനെ എഴുതിത്തള്ളാനാകില്ലെന്ന് എഐ സ്റ്റാർട്ടപ്പുകൾപോലും തിരിച്ചറിഞ്ഞു. ജെമിനി 3.0-യുടെ മുന്നേറ്റം കമ്പനിയുടെ നിലനിൽപ്പിനുപോലും ഭീഷണിയാകുമെന്ന തിരിച്ചറിവോടെ ഓപ്പൺഎഐ സിഇഓ സാം ആൾട്ട്മാൻ കമ്പനിയിൽ കോഡ് റെഡ് പ്രഖ്യാപിച്ചത് വാർത്തയായി. എഐ അടിസ്ഥാന സൗകര്യങ്ങളിലടക്കം ശ്രദ്ധയൂന്നി നടത്തിയ പ്രവർത്തനമാണ് ഗൂഗിളിനെ എഐയിൽ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ കമ്പനിയുടെ അടിത്തറ എന്തായിരിക്കണമെന്ന് 25 വർഷങ്ങൾക്ക് മുമ്പ് തന്നെ സ്ഥാപകർ മനസിൽക്കണ്ടിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഗൂഗിൾ സ്ഥാപിക്കപ്പെട്ട് രണ്ട് വർഷം മാത്രം പിന്നിട്ട 2000-ത്തിലെ ഒരു അപൂർവ വീഡിയോ ആണിത്. 25 വർഷങ്ങൾക്ക് ശേഷം കമ്പനിയെ നിർവചിക്കുന്ന സാങ്കേതിക മാറ്റം എന്തായിരിക്കുമെന്ന് വീഡിയോയിൽ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ് കൃത്യമായി പ്രവചിച്ചിരുന്നു.
എല്ലാ കാര്യങ്ങളും മനസിലാക്കുന്ന ഒന്നായിരിക്കും ആത്യന്തികമായി ഒരു സെർച്ച് എൻജിനെന്ന് വീഡിയോയിൽ അദ്ദേഹം പറയുന്നു. ‘നിങ്ങൾക്ക് കൃത്യമായി എന്താണ് വേണ്ടതെന്ന് അത് മനസിലാക്കുകയും ശരിയായ കാര്യം നിങ്ങൾക്ക് നൽകുകയും ചെയ്യും. അത് തീർച്ചയായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് – കാരണം ഏതാണ്ട് എല്ലാം വെബിൽ ലഭ്യമായതുകൊണ്ട് തന്നെ അടിസ്ഥാനപരമായി ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ കഴിയും’ – അദ്ദേഹം കൂട്ടിച്ചേർത്തു.
അത് ലിങ്കുകളുടെ ഒരു പട്ടിക നൽകുന്നതിന് പകരം വിവരങ്ങൾ സമന്വയിപ്പിച്ച് ഉത്തരങ്ങൾ നൽകും. ഞങ്ങൾ ഇപ്പോൾ അതിനടുത്തേക്ക് എത്തിയിട്ടില്ല. എന്നിരുന്നാലും അവിടേക്ക് പോകാൻ ഞങ്ങൾക്ക് കഴിയും. അതിനുവേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അത് വളരെ ആകർഷകമല്ലേ? നമ്മുടെ കൈവശം ഡാറ്റയെല്ലാം ഉണ്ട്. നമുക്ക് കമ്പ്യൂട്ടേഷൻ സംവിധാനങ്ങൾ ഉണ്ട്. ധാരാളം വിഭവങ്ങൾ ലഭ്യമാണ്. മുഴുവൻ വെബിന്റെയും വിവരങ്ങൾ സംഭരിക്കാൻ മതിയായ ഇടമുണ്ട്. ഇതെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട് പുതുതായി ഒന്ന് നിർമ്മിക്കുന്നത് വളരെ രസകരമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.



