മുംബൈ: കാമുകി മഹിക ശര്‍മയുടെ സ്വകാര്യതയിലേക്കുള്ള പാപ്പരാസികളുടെ കടന്നുകയറ്റത്തിനെതിരേ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. ചൊവ്വാഴ്ച മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് മടങ്ങവെ പാപ്പരാസികള്‍ പകര്‍ത്തിയ മഹിക ശര്‍മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാമുകിയുടെ ചിത്രങ്ങള്‍ മോശം രീതിയില്‍ പകര്‍ത്തിയതിനെതിരെയാണ് ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ ഹാര്‍ദിക് ശക്തമായി പ്രതികരിച്ചത്.

അതിരുവിട്ട പ്രവര്‍ത്തിയാണ് പാപ്പരാസികള്‍ നടത്തുന്നതെന്നും കുറച്ചൊക്കെ മര്യാദയാകാമെന്നും ഹാര്‍ദിക് കുറിച്ചു. സ്ത്രീകള്‍ക്കൊരു അന്തസ്സുണ്ടെന്നും അത് മാനിക്കാന്‍ പഠിക്കണമെന്നും താരം ചൂണ്ടിക്കാട്ടി. മാന്യതയുടെയും സ്വകാര്യതയുടെ അതിര്‍വരമ്പുകളെക്കുറിച്ചും ചൂണ്ടിക്കാണിച്ച ഹാര്‍ദിക്, മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.

ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാന്‍ മാധ്യമങ്ങള്‍ തയാറാവണം. ഒരു സ്ത്രീയും കാണാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുന്നത് നിലവാരമില്ലാത്ത പ്രവൃത്തിയാണ്. സെലിബ്രിറ്റികളാവുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാപ്പരാസികള്‍ ശ്രമിക്കുമെങ്കിലും എല്ലാത്തിനും ഒരു അതിരുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ മാധ്യമസുഹൃത്തുക്കള്‍ മാന്യത കാട്ടണം – ഹാര്‍ദിക് കുറിപ്പില്‍ വ്യക്തമാക്കി.

കുറച്ചുകൂടി ജാഗ്രതയോടെ പെരുമാറണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്നും ഹാര്‍ദിക് പറഞ്ഞു. എല്ലാം ഇങ്ങനെ ഒപ്പിയെടുക്കാനുള്ളതല്ല. എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല. കുറച്ചൊക്കെ മനുഷ്യത്വം കാത്തുസൂക്ഷിക്കാം, താരം കൂട്ടിച്ചേര്‍ത്തു.