മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 3. മലയാള സിനിമയിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു തലം കൊണ്ടുവന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഒരു വീഡിയോയിലൂടെ അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചത്.
സിനിമയുടെ അവസാന ഷോട്ട് എടുക്കുന്ന വീഡിയോ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ഷോട്ട് ഓകെയാണെന്ന് പറയുമ്പോഴുള്ള മോഹൻലാലിന്റെ ഭാവപ്രകടനമാണ് വീഡിയോയിലെ ഹൈലൈറ്റ്. ‘ജോർജുകുട്ടി കറക്റ്റ് ആണോ, എല്ലാരും പറഞ്ഞപ്പോൾ ഒരു ഡൗട്ട് എന്ന് മോഹൻലാൽ വീഡിയോയുടെ അവസാനം പറയുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹൻലാൽ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയിൽ കാണാം.
കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കൾക്കൊപ്പം സന്തോഷവും പങ്കിടുന്നതും വീഡിയോയിൽ കാണാം. സിനിമയുടെ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മീന, എസ്തർ അനിൽ, അൻസിബ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. 013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.



