വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയെങ്കിലും പിന്നീട് രാജ്യത്ത് നടന്ന സുപ്രധാന തിരഞ്ഞെടുപ്പുകളിൽ ട്രംപിനും പാർട്ടിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ന്യൂയോർക്ക് സിറ്റി, സിൻസിനാറ്റി, വിർജീനിയ എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ മികച്ച വിജയം നേടി. ഈ വിജയങ്ങൾക്ക് നേതൃത്വം നൽകിയത് ഇന്ത്യൻ വംശജരും.

ട്രംപ് പിന്തുണ നൽകിയ മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ സോഹ്രാൻ മംദാനി വിജയിച്ചത്. ഇന്ത്യൻ-അമേരിക്കൻ വംശജയായ മീരാ നായരുടെ മകനാണ്. കൊളംബിയ സർവകലാശാലയിലെ ആന്ത്രോപോളജി പ്രൊഫസറായ അദ്ദേഹത്തിന്റെ പിതാവ് മഹമൂദ് മംദാനിക്ക് ഗുജറാത്തുമായി ബന്ധമുണ്ട്. ട്രംപിന്റെ സ്വാധീനവും പിന്തുണയും പ്രകടമായിരുന്ന തിരഞെടുപ്പിൽ മംദാനി വിജയിച്ചാൽ ഫെഡറൽ ഫണ്ടിങ് തടയുമെന്ന് അദ്ദേഹം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

വിർജീനിയയിൽ ലഫ്റ്റനന്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ഗസാല ഹാഷ്മി ഇന്ത്യയിലാണ് ജനിച്ചത്. നിലവിൽ ഡെമക്രാറ്റിക് പാർട്ടിയുടെ സ്‌റ്റേറ്റ് സെനറ്ററാണ് ഗസാല ഹാഷ്മി. ലെഫ്. ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ റീഡിനെ പരാജയപ്പെടുത്തിയാണ് ആദ്യ മുസ്ലീം ഗവർണറായി ഗസാല ഹാഷ്മി ചരിത്രം കുറിച്ചത്. സിയ ഹാഷ്മിയുടെയും തൻവീർ ഹാഷ്മിയുടെയും മകളായി 1964-ൽ ഹൈദരാബാദിലാണ് ഗസാല ഹാഷ്മിയുടെ ജനനം. നാലുവയസ്സുവരെ ഹൈദരാബാദിന് സമീപം മാലക്‌പേട്ടിൽ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമായിരുന്നു ഗസാല ഹാഷ്മി കഴിഞ്ഞത്. നാലാംവയസ്സിൽ മാതാവിനൊപ്പം അമേരിക്കയിലെത്തി.

സിൻസിനാറ്റി മേയറായ അഫ്താബ് പുരിവാൽ പഞ്ചാബുകാരനായ അച്ഛന്റെയും ടിബറ്റൻ അഭയാർത്ഥിയായ അമ്മയുടെയും മകനായി ഒഹായോവിലാണ് ജനിച്ചത്. രണ്ടാം തവണയാണ് അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ അർദ്ധസഹോദരൻ കോറി ബോമാനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ട്രംപിന്റെ താരിഫ്, കുടിയേറ്റ നയങ്ങൾ എന്നിവയിൽ അസംതൃപ്തരായ ജനങ്ങളുടെ മറുപടിയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മുന്നേറ്റത്തിനേറ്റ ഈ കടുത്ത തിരിച്ചടി 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിലും 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ട്രംപും പാർട്ടിയും തിരിച്ചടി നേരിടേണ്ടി വരുമെന്ന സൂചനകളാണെന്നും അഭിപ്രായമുണ്ട്.