ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകളുടെ വിജയം, അധികാരത്തില്‍ തിരിച്ചെത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കും ഭരണത്തിനും എതിരായ ശക്തമായ പ്രതികരണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്യുന്നത്. വിര്‍ജീനിയ, ന്യൂജേഴ്സി എന്നിവിടങ്ങളിലെ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുകളിലെയും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയങ്ങള്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.
ഈ തിരഞ്ഞെടുപ്പുകളിലെ ഡെമോക്രാറ്റിക് മുന്നേറ്റം, സമീപകാലത്ത് രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ഉത്കണ്ഠകളും ട്രംപിന്റെ ഭരണരീതിയോടുള്ള അതൃപ്തിയുമാണ് പ്രതിഫലിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ട്രംപിന് ഈ ഫലങ്ങള്‍ നല്കുന്ന പ്രധാന സന്ദേശം, സാമ്പത്തിക വിഷയങ്ങളില്‍ ജനങ്ങള്‍ അതീവ ശ്രദ്ധാലുക്കളാണ് എന്നതാണ്.
സാധനങ്ങളുടെ വില, ഊര്‍ജ്ജച്ചെലവ്, ആരോഗ്യപരിരക്ഷാ ചെലവ് എന്നിവ ട്രംപിന്റെ ഭരണത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വോട്ടര്‍മാര്‍ കരുതുന്നു. വിര്‍ജീനിയയിലും ന്യൂജേഴ്സിയിലും വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ (പ്രത്യേകിച്ച് അബിഗൈല് സ്പാന്‍ബെര്‍ഗര്‍), യാഥാസ്ഥിതിക നിലപാടുകളോടടുക്കുന്നതും ‘പ്രയോഗികത’ ഊന്നിപ്പറയുന്നതുമായ പ്രചാരണ തന്ത്രങ്ങളാണ് സ്വീകരിച്ചത്.
ഇത്, തീവ്ര ഇടതുപക്ഷ നയങ്ങളില്‍ നിന്ന് മാറി, മധ്യവര്‍ത്തികളായ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സാധിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു. ന്യയോര്‍ക്ക് സിറ്റി മേയറായി വിജയിച്ച സോഹ്രാന്‍ മംദാനി ട്രംപിനെ വെല്ലുവിളിക്കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് വിജയത്തിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചത്. മംദാനിയെ കൂടാതെ നിരവധി പേര് ട്രംപിനെ നേരിട്ട് വെല്ലുവിളി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിര്‍ജീനിയയിലെ പുതിയ ഗവര്‍ണര്‍. മുന്‍ സിഐഎ ഉദ്യോഗസ്ഥയും കോണ്‍ഗ്രസ് അംഗവുമായ അബിഗൈല് സ്പാന്‍ബെര്‍ഗര്‍ ട്രംപിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ പ്രമുഖയാണ്. ഇവര്‍, ദേശീയ സുരക്ഷാ പശ്ചാത്തലമുള്ളതും മിതവാദിയുമാണ്. ട്രംപിന്റെ രീതികളോട് വിയോജിപ്പുള്ളവരെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂജേഴ്സി ഗവര്‍ണര്‍ മൈക്കി ഷെറില്‍ ആണ് ട്രംപിനെ അസ്വസ്ഥയാക്കുന്ന മറ്റൊരാള്‍. മുന്‍ നാവിക ഉദ്യോഗസ്ഥയായ ഇവര്‍, സാമ്പത്തിക കാര്യങ്ങളിലും പൊതു സുരക്ഷയിലും ഊന്നല്‍ നല്‍കിയാണ് വിജയം നേടിയിട്ടുള്ളത്. എന്നാല്‍ ഏറ്റവും അധികം ട്രംപ് എതിര്‍ത്തിരുന്ന വ്യക്തി ന്യൂയോര്‍ക്ക് സിറ്റിയിലെ പുതിയ മേയര്‍ സോഹ്രാന്‍ മംദാനിയാണ്. ഒരു സ്വയം പ്രഖ്യാപിത ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയ ഇദ്ദേഹം, ട്രംപിനെതിരെ ശക്തമായ വാദങ്ങള്‍ ഉന്നയിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ട്രംപിന്റെ നയങ്ങളെ തുറന്നു വിമര്‍ശിക്കുകയും ചെയ്തു. ഇദ്ദേഹം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തീവ്ര ഇടതുപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു.
ഡെമോക്രാറ്റുകള്‍ രണ്ടു തട്ടില്‍
ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങള്‍ക്കും (മിതവാദികളും പുരോഗമനവാദികളും) തങ്ങളുടെ തന്ത്രങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ അവസരം നല്‍കുന്നുണ്ട് എന്നതാണ് രസകരം. സ്പാന്ബെര്ഗറുടെയും ഷെറിലിന്റെയും വിജയം മിതവാദികളുടെ സമീപനത്തെയും, മംദാനിയുടെ വിജയം തീവ്രമായ പുരോഗമനനിലപാടുകളോടുള്ള ജനങ്ങളുടെ താല്‍പ്പര്യത്തെയും സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, ട്രംപിനെതിരായ പൊതുവായ അതൃപ്തിയാണ് ഈ വിജയങ്ങള്‍ക്ക് കാരണമെന്നും, അടുത്തുവരുന്ന പ്രധാന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ഭാവി തന്ത്രം നിര്‍ണ്ണയിക്കുന്നതില്‍ ഈ വിഭാഗീയത തുടരുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് കാരണം ബാലറ്റില്‍ തന്റെ പേര് ഇല്ലാത്തതും, ഭരണപ്രതിസന്ധിയും ആണ് കാരണമെന്നാണ് ട്രംപിന്റെ അവകാശവാദം.
എന്നിരുന്നാലും, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അദ്ദേഹത്തിന്റെ ജനകീയതയ്ക്ക് നേരിട്ട താക്കീതായാണ് കണക്കാക്കപ്പെടുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഡെമോക്രാറ്റുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്, വരും തെരഞ്ഞെടുപ്പുകളില്‍ ട്രംപിന്റെ സ്വാധീനം കുറയാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. കൂനിന്മേല് കുരുപോലെ താരിഫ് നടപടികള്‍ക്കെതിരേ റിപ്പബ്ലിക്കന്മാര് തന്നെ നിയമിച്ച ജഡ്ജിമാരും രംഗത്തു വന്നതും ട്രംപിന് തിരിച്ചടിയായാണ് കരുതുന്നത്.



