നടി ഉര്‍വശിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് ശോഭന. കൊച്ചി വിമാനത്താവളത്തില്‍വെച്ച് ഉര്‍വശിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോഴെടുത്ത ചിത്രമാണിത്. ഉര്‍വശിയുടെ കവിളില്‍ ചുംബിക്കുന്ന ശോഭനയെ ചിത്രത്തില്‍ കാണാം. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മനോഹരമായൊരു കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘കൊച്ചിയിലേക്ക് ഇത്രയുമധികം വിമാനയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ഉര്‍വശി ജിയെ കണ്ടുമുട്ടാതിരുന്നത് എന്താണെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവള് ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ ‘പൊടി’ തന്നെയാണ്. എന്റെ നമ്പര്‍ അവളുടെ ഫോണില്‍ എനിക്ക് സേവ് ചെയ്യണമായിരുന്നു. ഞാന്‍ എന്റെ ഫോണ്‍ എവിടെയാണെന്ന് തിരഞ്ഞപ്പോള്‍ അവള് അവളുടെ ഫോണും തിരയാന്‍ തുടങ്ങി. അതൊരു രസകരവും വൈകാരികവുമായ നിമിഷമായിരുന്നു. അവള് ആരെയും അതിശയിപ്പിക്കുന്നൊരു നടിയാണ്.’-ശോഭന കുറിച്ചു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. രണ്ട് പ്രിയപ്പെട്ട നായികമാര്‍ ഒരൊറ്റ ഫ്രെയിമില്‍ എന്നാണ് ഒരു ആരാധകന് കുറിച്ചത്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍ ഇവരാണ് എന്നായിരുന്നു ഒരു കമന്റ്. ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും മനോഹര നിമിഷമാണെന്നും ഒരാള്‍ കുറിച്ചു. ഈ ചിത്രം വലിയൊരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.



