ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന് അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അമിതമായ ആത്മവിശ്വാസത്തോടെ മത്സരത്തില്‍ പങ്കെടുത്ത ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള ഇഷിത് ഭട്ട് എന്ന വിദ്യാര്‍ഥിയുടെ പെരുമാറ്റമാണ് ഇത്ര വലിയ ചര്‍ച്ചയ്ക്ക് കാരണമായത്. കുട്ടിയുടെ മനോഭാവത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ഈ സാഹചര്യത്തിലാണ് രണ്ടുവര്‍ഷം മുമ്പുള്ള മറ്റൊരു കുട്ടി കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുത്തതിന്റെ വീഡിയോയും ആളുകള്‍ പങ്കുവെച്ചത്. മത്സരത്തിലെ ഉയര്‍ന്ന സമ്മാനമായ ഒരുകോടി രൂപ വിരല്‍ത്തുമ്പില്‍ വെച്ച് നഷ്ടമായ ആ കുട്ടിയും ഇഷിത് ഭട്ടിനെ പോലെ അമിതമായ ആത്മവിശ്വാസം മത്സരത്തിലുടനീളം പ്രകടിപ്പിച്ചിരുന്നു. ‘ഓവര്‍ കോണ്‍ഫിഡന്‍സ്’ കാരണം ഒരുകോടി നഷ്ടപ്പെടുത്തി എന്ന പഴി കേള്‍ക്കാന്‍ വിധിക്കപ്പെട്ട ആ കുട്ടിയുടെ പേരാണ് വിരാട് അയ്യര്‍.
ആരാണ് വിരാട് അയ്യര്‍?
സ്കൂളില്‍ ‘ഗൂഗിള്‍ ബോയ്’ എന്നറിയപ്പെടുന്ന വിരാട് അയ്യര്‍ ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശിയാണ്. അവിശ്വസനീയമായ ഗ്രാഹ്യശേഷിയുള്ള വിരാട് പൊതുവിജ്ഞാനത്തില്‍ കേമനാണ്. രണ്ടുവര്‍ഷം മുമ്പ് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിരാട് കോന്‍ ബനേഗാ ക്രോര്‍പതിയുടെ 15-ാം പതിപ്പില്‍ പങ്കെടുക്കുന്നത്.
എന്നാല്‍ ആത്മവിശ്വാസം കൈവിടാതിരുന്ന ഗൂഗിള്‍ ബോയ് ഒരുകോടിയുടെ ചോദ്യം നേരിടാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ലൈഫ്ലൈന് പോലും സ്വീകരിക്കാതെ മുന്നോട്ട് പോയ വിരാടിന് പക്ഷേ അടിപതറി. പറഞ്ഞ ഉത്തരം തെറ്റിപ്പോകുകയും ഒരുകോടി രൂപ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുകയായിരുന്നു. വെറും 3.2 ലക്ഷം രൂപയുമായാണ് വിരാട് അന്ന് മടങ്ങിയത്.
സാക്ഷാല്‍ ബിഗ് ബിയുടെ ചോദ്യത്തിന് മുന്നില്‍ കീഴടങ്ങി ഒരുകോടി നഷ്ടപ്പെടുത്തിയ ചരിത്രമുണ്ടെങ്കിലും വിരാട് ആള് ചില്ലറക്കാരനല്ല. ഒമ്പത് ഭാഷകളാണ് ഈ കൊച്ചുമിടുക്കന് അനായാസം കൈകാര്യം ചെയ്യുന്നത്. മികച്ച ഓര്‍മശക്തിയാണ് വിരാടിന്റെ മറ്റൊരു കഴിവ്. ചെസ്സിനോടും സംഗീതത്തോടും അതിയായ താത്പര്യമുള്ള വിരാട് മൂന്നാം ക്ലാസിലെത്തിയപ്പോഴേക്ക് 30 പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
വിരാട് കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുത്ത് ഒരുകോടി രൂ നഷ്ടപ്പെടുത്തിയതിന്റെ വീഡിയോയ്ക്ക് താഴെ ഒട്ടേറെ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് കണ്ടിട്ടാണ് പോയിരുന്നത് എങ്കില്‍ ഇഷിത് ഭട്ടിന് കുറച്ച് പണം നേടി മടങ്ങാമായിരുന്നു എന്നാണ് ഒരാള്‍ കുറിച്ചത്. നിങ്ങള്‍ ബെഡ്ഷീറ്റില്‍ കിടന്ന് അമിതാത്മവിശ്വാസത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഈ കുട്ടി ഹോട്ട് സീറ്റില്‍ എത്തി എന്നതാണ് യാഥാര്‍ഥ്യം എന്ന് മറ്റൊരാള്‍ എഴുതി.
ഇഷിത് ഭട്ടിന് സംഭവിച്ചത്
അമിതാഭ് ബച്ചന്റെ മുന്നിലെ ഹോട്ട്സീറ്റിലെത്തിയ ഇഷിത് തുടക്കം മുതല്‍ അമിതാത്മവിശ്വാസം പ്രകടമാക്കിയാണ് സംസാരിച്ചത്. അമിതാഭ് ബച്ചന് സംസാരിക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ പോലും കുട്ടി സമ്മതിക്കാതെ ഇടയില്‍ കയറിപ്പറയുന്നതും കാണാമായിരുന്നു.
അമിതാഭ് ബച്ചന് നിയമങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍, ‘നിയമങ്ങളെല്ലാം എനിക്കറിയാം. അതുകൊണ്ട് അതൊന്നും എന്നോടിപ്പോള്‍ വിശദീകരിക്കേണ്ടതില്ല’ എന്നാണ് കുട്ടി പറഞ്ഞത്. പിന്നീട് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയപ്പോഴും കുട്ടി ഇതേ മനോഭാവം തുടര്‍ന്നു.
ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകള്‍ നല്‍കുന്നതാണ് കെബിസിയിലെ പതിവ്. എന്നാല്‍ തനിക്ക് ഉത്തരമറിയാമെന്നതിനാല്‍ ചോദ്യം ചോദിച്ചശേഷം ഓപ്ഷനുകള്‍ പറയാന്‍ കുട്ടി അമിതാഭ് ബച്ചനെ പലപ്പോഴും അനുവദിച്ചില്ല. എന്നാല്‍ 20,000 രൂപയ്ക്കുള്ള നാലാമത്തെ ചോദ്യത്തില്‍ കുട്ടിക്ക് അടിപതറുകയായിരുന്നു. രാമായണത്തിലെ ആദ്യകാണ്ഡത്തിന്റെ പേര് എന്താണ് എന്നായിരുന്നു ചോദ്യം. അത്രയും നേരം ഓപ്ഷനുകള്‍ വേണ്ടാ എന്ന് അമിതാത്മവിശ്വാസം പ്രകടിപ്പിച്ച കുട്ടി ഈ ചോദ്യത്തിന് ഓപ്ഷന്‍സ് നല്കാന് ആവശ്യപ്പെട്ടു. പക്ഷേ അയോധ്യാകാണ്ഡം എന്ന തെറ്റായ ഉത്തരമാണ് കുട്ടി തിരഞ്ഞെടുത്തത്. ഇതോടെ ഗെയിമില്‍ നിന്ന് കുട്ടി പുറത്തായി.
കുട്ടിയുടെ പെരുമാറ്റത്തേയും സംസാരത്തേയും വളരെ ക്ഷമയോടെയും സംയമനത്തോടെയുമാണ് അമിതാഭ് ബച്ചന് നേരിട്ടത്. അമിതാഭ് ബച്ചന്റെ രീതിയെ സോഷ്യല്‍ മീഡിയ പ്രകീര്‍ത്തിച്ചു. ചിലസമയങ്ങളില്‍ അമിതാത്മവിശ്വാസം കാരണം കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ബച്ചന് പറഞ്ഞത്.