കാട്ട് തീയല
വാനത്തോളമെത്തിയേ…
ആരണച്ചിടാൻ,
ആളിടുന്നു തീയ്താ…
ചങ്കിലോ പെരുമ്പറ.
ആരോ പറഞ്ഞിടുന്നു
ജാഗ്രതാ…

ശബ്ദവും സംഗീതവുംകൊണ്ട് തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ് സന്നിധാനന്ദന്റെ കാട്ടുതീ പാട്ട്. കാന്താര ആദ്യഭാഗത്തിലെ ഗാനം, ഗാനമേളകളിൽ ആലപിച്ച് കൈയടിനേടിയ സന്നിക്ക് സിനിമയുടെ രണ്ടാംഭാഗത്തിൽ പാടാൻകഴിഞ്ഞതിന്റെ ആഹ്ലാദം ചെറുതല്ല.

ബാഹുബലിയും കാന്താരയുംപോലുള്ള ബ്രഹ്മാണ്ഡചിത്രങ്ങൾ കാണുമ്പോൾ ഇവയുടെയൊക്കെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ചിന്തിച്ചിരുന്നു. എന്നാൽ, വലിയ സ്വപ്നങ്ങൾ കാണാൻ എന്നും ഭയമായിരുന്നു…, ഇന്ന് കാന്താരയ്ക്കൊപ്പം എന്റെ ശബ്ദവും ചേർന്നു എന്നത് അഭിമാനംനൽകുന്ന കാര്യമാണ്.’’ -കാന്താര സിനിമയിലെ പാട്ടുവിശേഷങ്ങൾ സന്നിധാനന്ദൻ പറഞ്ഞുതുടങ്ങി…

‘‘കാന്താരയിലെ പാട്ടുകൾ തൃശ്ശൂരിലെ സ്റ്റുഡിയോയിലാണ് റെക്കോഡ് ചെയ്തത്. സംഗീതസംവിധായകൻ ഉൾപ്പെടെ വലിയൊരു ടീം ഓൺലൈനിൽ കൂട്ടുവന്നു. പാട്ടിൽ ഓരോയിടത്തും വരുത്തേണ്ട ചെറുമാറ്റങ്ങൾപോലും കൃത്യമായി പറഞ്ഞുതന്നു. ഒരു സംഗീതസംവിധായകന്റെ സാന്നിധ്യത്തിൽ എങ്ങനെയാണോ പാടുന്നത്, അങ്ങനെത്തന്നെയാണ് ഓൺലൈനിൽ നിർദേശങ്ങൾ സ്വീകരിച്ച് റെക്കോഡ് ചെയ്തത്.’’

ഓണസമയത്തെ മൂകാംബിക യാത്രകഴിഞ്ഞു വരുമ്പോഴാണ് സന്നിധാനന്ദനെത്തേടി കാന്താരയിൽനിന്നുള്ള വിളിയെത്തുന്നത്. അതിനുമുൻപൊരിക്കൽ വോയ്സ് ടെസ്റ്റിനായി, പാടിയ പാട്ടുകൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഏതു സിനിമയ്ക്കുവേണ്ടിയുള്ള വോയ്സ് ടെസ്റ്റാണെന്നറിയാതെയാണ് സന്നി അന്ന് പാട്ടുകൾ അയച്ചുകൊടുത്തത്. ഓർഡിനറി എന്ന സിനിമയിൽ വിദ്യാസാഗറിന്റെ ഈണത്തിൽ പാടിയ തെച്ചിപ്പൂ… എന്ന പാട്ടും ബിജുമേനോൻ ചിത്രം ഷെർലക് ടോംസിലെ കാലാ പെരുംകാലാ… എന്ന ബിജിപാൽ ഈണമിട്ട ഗാനവുമാണ് അയച്ചുനൽകിയത്. ആ പാട്ടുകൾ കേട്ട് കാന്താരയുടെ സംഗീതത്തിന് അനുയോജ്യമായ ശബ്ദമെന്ന തിരിച്ചറിവിലാണ്, അണിയറപ്രവർത്തകർ തൃശ്ശൂരിലെ സ്റ്റുഡിയോയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടത്. തൃശ്ശൂർ ശ്രീരാഗം സ്റ്റുഡിയോയിലെത്തിയപ്പോഴേക്കും എൻജിനിയർ രാഗേഷിന്റെ കൈയിലേക്ക്‌ പാട്ടുവന്നുകഴിഞ്ഞിരുന്നു, സന്തോഷ് വർമ രചിച്ച വരികളാണ് പാടാൻപോകുന്നതെന്നും പാട്ട് പാൻ ഇന്ത്യൻ ചിത്രം കാന്താരയ്ക്കുവേണ്ടിയുള്ളതാണെന്നും മനസ്സിലാക്കിയതോടെ സന്നിയുടെ ചങ്കിടിപ്പുകൂടി.