തൃശൂർ: മയക്കുമരുന്ന് കേസിൽ പിടികൂടി വിലങ്ങണിയിക്കുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി വിലങ്ങുമായി രക്ഷപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെ നാല് പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ടതിന് ശേഷം പ്രതിയെ സഹായിച്ച രണ്ടുപേരും, മയക്കുമരുന്ന് ഇടപാടിൽ പ്രധാന പ്രതിയുടെ കൂട്ടാളിയുമാണ് പിടിയിലായ മറ്റുള്ളവർ. പ്രധാന പ്രതിയായ ‘ഡൈമൺ’ എന്നറിയപ്പെടുന്ന ചൊവ്വൂർ സ്വദേശി ജിനു ജോസ് (31), ഇയാളെ രക്ഷപ്പെടാൻ സഹായിച്ച പെരിഞ്ചേരി സ്വദേശികളായ ദിൽജിത്ത് (30), അരുൺ (38) എന്നിവരും മയക്കുമരുന്ന് ഇടപാടിൽ ജിനുവിൻ്റെ കൂട്ടാളിയായ ‘മുടിയൻ’ എന്ന് വിളിക്കുന്ന ചേർപ്പ് എട്ടുമുന സ്വദേശി ജിഷ്ണുവും (31) ആണ് പിടിയിലായത്.

എട്ടുമുനയിലുള്ള ഒരു വീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിൽപന നടത്തിയിരുന്ന വിഷ്ണുവിനെ എം.ഡി.എം.എ.യുമായി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് ജിനു ജോസാണ് മയക്കുമരുന്ന് എത്തിച്ചു നൽകിയതെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് ചൊവ്വൂരിലെ വീട്ടിലെത്തി ജിനു ജോസിനെയും പിടികൂടി. ഒരു കൈയ്യിൽ വിലങ്ങിട്ട ശേഷം മറുകൈയ്യിൽ ഇടുന്നതിനിടെ പോലീസിനെ തള്ളിമാറ്റി ജിനു ജോസ് വിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ജിനു ജോസിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായി അന്വേഷണം നടത്തി. വെള്ളിയാഴ്ച രാവിലെ പെരിഞ്ചേരിയിലുള്ള ഒരു വീടിൻ്റെ മുകളിൽ നിന്ന് ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജിനുവിനെയും, ഇയാളുടെ കൈയ്യിലെ വിലങ്ങ് മുറിക്കാനും ഒളിവിൽ കഴിയാനും സഹായിച്ച കൂട്ടാളികളെയും പൊലീസ് സാഹസികമായി പിടികൂടി.

അറസ്റ്റിലായവരിൽ പ്രധാനിയായ ജിനു ജോസ്, 2019-ൽ പേരാമംഗലത്ത് രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രതിയാണ്. കൂടാതെ വധശ്രമം, പോലീസിനെ ആക്രമിക്കൽ, മോഷണം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. മറ്റ് പ്രതികളും വിവിധ സ്റ്റേഷനുകളിലെ ക്രിമിനൽ കേസ് പ്രതികളാണ്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.