തൃശൂര്‍: റഷ്യയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവതി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികളെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അഹമ്മദ് അജ്‌നാസ്, കോഴിക്കോട് സ്വദേശിനി ഫിദ എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വേലൂര്‍ സ്വദേശിനി റിഷ ഫാത്തിമയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.

റഷ്യയിലെ മോസ്‌കോയിലുള്ള സച്ചിനോവ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ മാതാവിന്‍റെ ബാങ്ക് വഴിയും, നേരിട്ടും 15 ലക്ഷത്തോളം രൂപ ഇരുവരും ചേര്‍ന്ന് കൈപ്പറ്റുകയും പിന്നീട് സീറ്റ് തരപ്പെടുത്തി കൊടുക്കാതെയും പണം നല്‍കാതെയും, വര്‍ഷങ്ങളായി മുങ്ങിനടന്ന് കബളിപ്പിക്കുകയും ചെയ്തതോടെയാണ് വേലൂര്‍ സ്വദേശിനി എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കിയത്. അന്താരാഷ്ര്ട തലത്തില്‍ പ്രതികള്‍ ഇത്തരത്തില്‍ ആറ് കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായും സംഭവത്തില്‍ കൂടുതല്‍ പ്രതികളെ പിടികൂടാന്‍ സാധ്യതയുള്ളതായും എരുമപ്പെട്ടി പൊലീസ് അറിയിച്ചു.