ടെൽ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇസ്രയേല്‍ സേന. ഭാഗികമായി സേനാ പിന്മാറ്റം ആരംഭിച്ചു. യുദ്ധം തകര്‍ത്ത ഗാസയിലേക്ക് പലസ്തീനികള്‍ മടങ്ങി തുടങ്ങി. അതിനിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ നെതന്യാഹു ഇസ്രയേലിലേക്ക് ക്ഷണിച്ചു. അടുത്ത ദിവസങ്ങളിൽ ഹമാസ് തടവിലാക്കിയ ഇസ്രയേലുകാർ തിരിച്ചെത്തുമെന്ന് നെതന്യാഹു പറഞ്ഞു. 20 പേർ ജീവനോടെയുണ്ടെന്നും 28 പേർ മരിച്ചെന്നുമാണ് റിപ്പോർട്ട്.

രക്തരൂഷിതമായ 730 ദിനങ്ങള്‍ക്കൊടുവിൽ ഗാസയിൽ ആശ്വാസം. രണ്ടുവര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍ അറുപത്തി നാലായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിലേറെയും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. ഒന്നരലക്ഷത്തിലധികം പേർക്ക് പരിക്കേറ്റ യുദ്ധത്തിന്‍റെ ബാക്കിപത്രം തകര്‍ന്നടിഞ്ഞ ഗാസ തന്നെയാണ്. ജനവാസം പോലും സാധ്യമാകാത്ത വിധം താറുമാറായി കിടക്കുന്ന ഗാസയിലേക്കാണ് ഇപ്പോള്‍ സമാധാനത്തിന്‍റെ കാറ്റ് വീശുന്നത്. ട്രംപ് നിര്‍ദേശിച്ച സമാധാന ഉടമ്പടിയുടെ ആദ്യ ഘട്ടത്തില്‍ ഇസ്രയേലും ഹമാസും ഒപ്പുവെക്കാന്‍ കളമൊരുങ്ങിയതിനു പിന്നാലെ തീര്‍ത്തും ആശ്വാസകരമായ വാര്‍ത്തകളാണ് ഗാസയില്‍ നിന്നും പുറത്തു വരുന്നത്.

ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നിന്നും ഭാഗികമായി പിന്‍വാങ്ങി തുടങ്ങി. ടാങ്കുകളും യുദ്ധ വാഹനങ്ങളെല്ലാം പതിയെ അതിര്‍ത്തി ലക്ഷ്യമാക്കി മടങ്ങുകയാണ്. മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്നും സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുകയാണെന്നും ഐഡിഎഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രകോപനം ഉണ്ടായാല്‍ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പും ഐഡിഎഫ് നല്‍കി.

സമാധാനാന്തരീക്ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പലായനം ചെയ്തവര്‍ പതിയെ ഗാസയിലേക്ക് മടങ്ങി തുടങ്ങി. ഷേക്ക് റദ്വാനിലെ ബീച്ച് ഏരിയ വഴിയാണ് ആളുകള്‍ മടങ്ങി എത്തുന്നത്. തകര്‍ന്ന വീടുകള്‍ക്കും വ്യാപാര സമുച്ചയങ്ങള്‍ക്കും മുന്നില്‍ വേദനയോടെ നില്‍ക്കുകയാണ് അവർ. യുദ്ധത്തെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം പലസ്തീനികള്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. അതിനിടെ വെടിനിര്‍ത്തല്‍ കരാറിന് നേതൃത്വം നല്‍കിയ ട്രംപിനെ ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേലിലേക്ക് ക്ഷണിച്ചു. ഇസ്രയേല്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാനാണ് ക്ഷണം. ഇസ്രയേലും ഹമാസും കരാറില്‍ ഒപ്പുവെക്കുന്നതിന് സാക്ഷിയാകാന്‍ ഈജിപ്ത്തിലെത്തുന്ന ട്രംപ് മടക്കയാത്രയില്‍ ഇസ്രയേലില്‍ എത്തിയേക്കും. ഹമാസിനെ നിരായുധീകരിക്കണമെന്ന നിലപാടിൽ നെതന്യാഹു ഉറച്ച് നിൽക്കുകയാണ്.