യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സമൂഹമാധ്യമത്തിലൂടെയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ രണ്ടാം വാർഷികത്തിനു പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഈ ആഴ്‌ച ഈജിപ്ത് സന്ദർശിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. ശനിയാഴ്‌ച ട്രംപ് ഈജിപ്തിലേക്കു തിരിക്കുമെന്നാണ് സൂചന. വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജറീദ് കഷ്നർ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തും.

‘ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് പ്രഖ്യാപിക്കാൻ ഏറെ സന്തോഷമുണ്ട്. ഇനിനർഥം എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കും. ശക്തവും നിലനിൽക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേൽ അവരുടെ സൈന്യത്തെ, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്കു പിൻവലിക്കും. എല്ലാ കക്ഷികളോടും നീതിപൂർവ്വം പെരുമാറും! അറബ്, മുസ്‍ലിം ലോകത്തിനും ഇസ്രയേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കൻ ഐക്യനാടുകൾക്കും ഇത് ഒരു മഹത്തായ ദിവസമാണ്. ഈ ചരിത്രപരവും അഭൂതപൂർവവുമായ സംഭവം യാഥാർഥ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് ഞങ്ങൾ നന്ദി പറയുന്നു. സമാധാന സ്ഥാപകർ അനുഗ്രഹീതരാണ്!’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ട്രംപും ഫോണിൽ വിളിച്ച് പരസ്പരം അഭിനന്ദിച്ചു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ ഡോണൾഡ് ട്രംപിനെ ബെന്യാമിൻ നെതന്യാഹു ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്‌തമാക്കി. ദൈവത്തിന്റെ സഹായത്തോടെ ബന്ദികളെയെല്ലാം വീട്ടിൽ തിരിച്ചെത്തിക്കുമെന്ന് ബെന്യാമിൻ നെതന്യാഹു പ്രസ്‌താവന നടത്തി. കരാർ അംഗീകരിക്കുന്നതിനായി ഇന്ന് സർക്കാർ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നത് ശനിയാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രയേൽ സർക്കാർ വക്താവ് പറഞ്ഞു.

ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ട കരാർ അംഗീകരിച്ചെന്ന് ഹമാസ് സ്‌ഥിരീകരിച്ചു. ധാരണപ്രകാരം ഇസ്രയേൽ സൈന്യം നിലവിൽ നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്തു നിന്നു പിന്മാറുന്നതും ബന്ദികളെയും തടവുകാരെയും കൈമാറുന്നതും ഉൾപ്പെടുമെന്നും ഹമാസ് അറിയിച്ചു. എന്നാൽ, വെടിനിർത്തൽ പൂർണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രംപിനോടും മധ്യസ്‌ഥത വഹിക്കുന്ന രാജ്യങ്ങളോടും ആവശ്യപ്പെട്ടുവെന്നും പ്രസ്താവനയിൽ ഹമാസ് അറിയിച്ചു. കരാർ ഇസ്രയേൽ സർക്കാർ അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ ജീവിച്ചിരിക്കുന്ന ബന്ദികളെ കൈമാറുമെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു. മോചിപ്പിക്കുന്ന ബന്ദികളുടെയും പകരം വിട്ടയയ്‌ക്കേണ്ട പലസ്തീൻ തടവുകാരുടെയും പട്ടിക ബുധനാഴ്‌ച ഹമാസ് കൈമാറിയിരുന്നു.