ടെഹ്റാൻ: നിരവധി വിദേശരാജ്യങ്ങളിൽ ഇറാന് ആയുധ നിർമാണശാലകളുണ്ടെന്ന് വെളിപ്പെടുത്തി ഇറാന്റെ പ്രതിരോധമന്ത്രി അസീസ് നസീർസാദെ. എന്നാൽ, ഇവ എവിടെയൊക്കെയാണെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ-ഇറാൻ വ്യോമസംഘർഷം നടന്ന് രണ്ടുമാസത്തിനിപ്പുറമാണ് ഇറാൻ പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്. ഇറാനിയൻ ന്യൂസ് ഏജൻസിയായ യങ് ജേർണലിസ്റ്റ് ക്ലബ്ബിന് നൽകിയ ടെലിവിഷൻ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇറാൻ സൈന്യം പ്രധാനമായും ശ്രദ്ധനൽകുന്നത് മിസൈൽ വികസിപ്പിക്കുന്നതിനാണെന്നും അസീസ് പറഞ്ഞു. ഇസ്രയേലുമായുള്ള യുദ്ധത്തിന് പിന്നാലെ മുൻഗണനകൾ മാറിയേക്കാം. അടുത്തുതന്നെ ഈ ആയുധസംഭരണശാലകൾ ഔദ്യോഗികമായി തുറക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നൂതനമായ പോർമുനകൾ കഴിഞ്ഞകൊല്ലം പരീക്ഷിച്ചിരുന്നു. ജൂൺ മാസം നടന്ന ഇസ്രയേൽ-ഇറാൻ സംഘർഷം കൂടുതൽകാലം നീണ്ടുനിന്നിരുന്നെങ്കിൽ ഇറാന്റെ മിസൈലുകളെ തടയാൻ ഇസ്രയേൽ സൈന്യത്തിന് കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ മാസത്തിൽ 12 ദിവസമാണ് ഇസ്രയേൽ-ഇറാൻ സംഘർഷം നീണ്ടുനിന്നത്. സംഘർഷം 15 ദിവസം നീണ്ടിരുന്നെങ്കിൽ അവസാനത്തെ മൂന്നുദിവസം ഞങ്ങളുടെ ഒരു മിസൈൽ പോലും ഇസ്രയേലിന് തടയാൻ കഴിയുമായിരുന്നില്ല. ഇതാണ് യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തലിന് സമ്മതിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചതെന്നും അസീസ് നസീർസാദെ കൂട്ടിച്ചേർത്തു.

ഇസ്രയേലുമായുള്ള സംഘർഷവേളയിൽ തങ്ങളുടെ അതിനൂതന ആയുധങ്ങളിലൊന്നായ ക്വാസിം ബസിർ മിസൈലിനെ ഉപയോഗിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൃത്യതയാർന്ന ആയുധമെന്നാണ് അദ്ദേഹം ക്വാസിം ബസിർ മിസൈലിനെ വിശേഷിപ്പിച്ചത്. മധ്യദൂര ബാലിസ്റ്റിക് മിസൈലായ ക്വാസിം ബസിറിന് 1200 കിലോമീറ്റർ ദൂരപരിധിയുണ്ടെന്നാണ് റിപ്പോർട്ട്.