‘ഹൃദയ’ത്തിൽ പ്രണവിന്റെ നായികയായി അഭിനയിച്ചതിൽ തനിക്ക് വളരേയധികം ആക്ഷേപങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് നടി ദർശനാ രാജേന്ദ്രൻ. കഥാപാത്രത്തിന്റെ സൗന്ദര്യത്തെ ചുറ്റിപ്പറ്റി ഒരുപാട് ചർച്ചകൾ നടന്നു. താൻ പ്രണവിന്റെ നായികയാവാൻ പാടില്ലായിരുന്നുവെന്നടക്കം ആളുകൾ പറഞ്ഞിട്ടുണ്ടെന്നും ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ ദർശന പറഞ്ഞു. പുറത്തുപറയാൻ കഴിയാത്ത ഒരുപാട് കമന്റുകളുണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.

‘ആളുകൾ പ്രതീക്ഷിക്കുന്ന തരത്തിലല്ലാതെ ചിത്രങ്ങൾ വരുമ്പോൾ വിദ്വേഷത്തിന്റെ സ്വഭാവമുള്ള നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. അവയെ ദൂരെ മാറ്റി നിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്. എല്ലാം ഞാൻ വായിക്കും. ആളുകൾ എന്നോട് വായിക്കരുത് എന്ന് പറയും. എന്നാൽ, അവ എന്നെ ബാധിക്കാറില്ല. നല്ല മാനസികാവസ്ഥയിലല്ലെങ്കിൽ ഞാൻ ആ വഴി പോവാറില്ല. ഞാൻ അവ കണ്ട് ചിരിക്കും’, ദർശന പറഞ്ഞു.

‘ചിത്രത്തേയും ഞാൻ ചെയ്ത കഥാപാത്രങ്ങളേയും കുറിച്ച് അറിയണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്റെ ഒരുപാട് ചിത്രങ്ങളെക്കുറിച്ച് മോശമായ കമന്റുകൾ എഴുതപ്പെട്ടിട്ടുണ്ട്. പലപ്പോഴും അത് തമാശയാണ്. ഹൃദയം ചിത്രത്തിലെ കഥാപാത്രത്തിന്റെ സൗന്ദര്യത്തെ ചുറ്റി ഒരുപാട് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. പ്രണവിന്റെ നായികയാവരുതായിരുന്നു എന്നുവരെ പറഞ്ഞിട്ടുണ്ട്. എനിക്കത് രസകരമായി തോന്നി’, അവർ കൂട്ടിച്ചേർത്തു.