വാഷിങ്ടന്‍: യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ യുക്രെയ്ന് മുന്നില്‍ നാറ്റോയുടെ വാതില്‍ തുറക്കില്ലെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2014ല്‍ റഷ്യ യുക്രെയിനില്‍നിന്ന് പിടിച്ചെടുത്ത ക്രൈമിയ തിരിച്ചു നല്‍കുന്നതും ചര്‍ച്ചയാക്കില്ലെന്ന് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതിനിടെ, ട്രംപ് മുന്‍കൈ എടുത്ത് നടക്കുന്ന റഷ്യ-യുക്രെയ്ന് സമാധാന കരാര്‍ ചര്‍ച്ചയ്ക്കായി സെലെന്‍സ്കി യുഎസിലെത്തി. തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.45നാണ് വൈറ്റ്ഹൗസില്‍ ട്രംപ്സെലെന്സ്കി കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അലാസ്കയില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ സെലെന്‍സ്കിയെ ട്രംപ് ധരിപ്പിക്കും. പുട്ടിന്റെ ആവശ്യങ്ങള്‍ക്ക് മുന്പില് സെലെന്‍സ്കി വഴങ്ങിയാല്‍ മൂന്നരവര്‍ഷമായി തുടരുന്ന യുദ്ധത്തിന് സമാധാനത്തിന്റെ വെള്ളക്കൊടി ഉയരും. ഒപ്പം സമാധാനം കൈവരിച്ചതിന്റെ നേട്ടം ട്രംപിനും സ്വന്തമാവും.
യുദ്ധം വേഗത്തിലും വിശ്വസനീയമായി രീതിയിലും അവസാനിക്കണമെന്ന ആഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടെന്നും സമാധാനം നിലനില്ക്കണമെന്നും സെലെന്‍സ്കി എക്സില്‍ കുറിച്ചു. ട്രംപിനൊപ്പം യൂറോപ്പില്‍ നിന്നുള്ള നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് സെലെന്‍സ്കി പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാവും ഇത്. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ തുടങ്ങിയവരാണ് സെലെന്‍സ്കിയുമായി ചര്‍ച്ച നടത്തുക.
സമാധാന കരാറിന്റെ ഭാഗമായി യുഎസിനും യൂറോപ്പിനും യുക്രെയ്ന് ആവശ്യമായ സുരക്ഷ നല്കാന് റഷ്യ സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം യുക്രെയ്നിന്റെ നാറ്റോ പ്രവേശനത്തെ പുട്ടിന് എതിര്‍ത്തിരുന്നു. ഇതായിരുന്നു റഷ്യ യുദ്ധം പ്രഖ്യാപിക്കാനുള്ള പ്രധാന കാരണവും.
എന്നാല്‍ മുന്‍പ് റഷ്യന്‍ അധിനിവേശത്തില്‍ ഭൂമി നഷ്ടമായതുപോലെ ഇക്കുറി വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയും സെലെന്‍സ്കി നല്‍കിയിട്ടുണ്ട്. ഇപ്പോഴും യുക്രെയ്ന് സൈനികര്‍ രാജ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണ്. യുദ്ധം ആരംഭിച്ച റഷ്യതന്നെ ആക്രമണം അവസാനിപ്പിക്കണമെന്നും സെലെന്‍സ്കി ആവശ്യപ്പെട്ടു. ഇന്ന് സെലെന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാവും ട്രംപ്-പുട്ടിന് ചര്‍ച്ചയുടെ രണ്ടാംഘട്ടത്തെ കുറിച്ച് തീരുമാനമുണ്ടാവുക. അടുത്ത ചര്‍ച്ചയ്ക്ക് ട്രംപിനെ റഷ്യയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പുട്ടിന് അലാസ്കയില്‍നിന്ന് മടങ്ങിയത്.
വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ യുക്രെയ്ന് പ്രസിഡന്റ് സെലെന്സ്കിക്കാവും. അല്ലെങ്കില്‍ അദ്ദേഹത്തിന് ഇനിയും യുദ്ധം തുടരാം. യുദ്ധം എങ്ങനെയാണ് ആരംഭിച്ചതെന്ന് ഓര്‍ക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റില്‍ പറയുന്നു. ഇതിനൊപ്പമാണ് നാറ്റോയിലേക്ക് യുക്രയ്ന് പ്രവേശനം ഇല്ലെന്നും മുന്‍പ് റഷ്യ സ്വന്തമാക്കിയ ക്രൈമിയ തിരിച്ച് ലഭിക്കില്ലെന്നും ട്രംപ് കുറിച്ചത്.



