കോംഗോയിലെ ബലാത്സംഗ അതിജീവിതർക്ക് അടിയന്തര കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ഒരു പ്രധാന കരാർ ട്രംപ് ഭരണകൂടം റദ്ദാക്കിയതായി ഐക്യരാഷ്ട്ര സഭയും സഹായഗ്രൂപ്പുകളും അറിയിച്ചു. എച്ച് ഐ വി, മറ്റ് ലൈംഗിക അണുബാധകൾ എന്നിവ തടയുന്നതിനുള്ള മരുന്നുകളും അനാവശ്യ ഗർഭധാരണങ്ങൾ തടയുന്നതിനുള്ള അടിയന്തര കിറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാകുന്നില്ല എന്ന് റിപ്പോർട്ടുണ്ട്.

യുദ്ധത്തിൽ തകർന്ന കോംഗോയുടെ കിഴക്കൻ പ്രവിശ്യകൾക്ക്, ഒരുവർഷത്തേക്ക് വിതരണം ചെയ്യുന്നതിനാണ് യു എസ് എ ഐ ഡി യുടെ കരാർ ഉള്ളത്. എന്നാൽ യുദ്ധം രൂക്ഷമായപ്പോൾ ആയിരക്കണക്കിന് ആരോഗ്യകേന്ദ്രങ്ങൾക്ക് മരുന്നുകൾ ലഭ്യമല്ലാതായി. ബലാത്സംഗത്തിന് ഇരകളായവരുടെ മുഖത്തുനോക്കി അടിയന്തരകിറ്റുകൾ ഇല്ലെന്നു പറയേണ്ടിവന്നപ്പോൾ അവരുടെ മുഖത്തുണ്ടായത് ദയനീയ അവസ്ഥയായിരുന്നു എന്ന് ആരോഗ്യപ്രവർത്തകർ രേഖപ്പെടുത്തുന്നു.

റുവാണ്ടയുടെ പിന്തുണയുള്ള എം 23 വിമതർ ജനുവരിയിൽ രാജ്യത്തിന്റെ കിഴക്കുഭാഗം മുഴുവൻ ആക്രമിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷത്തിന്റെ തീവ്രതയിൽ രണ്ട് പ്രധാന നഗരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അതിനുശേഷം ഏകദേശം 67,000 ബലാത്സംഗകേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവയിൽ പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകാനാണ് സാധ്യതയെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു. അതേസമയം കോംഗോയിൽ യുദ്ധായുധമായി ഉപയോ​ഗിക്കുന്നത് ലൈംഗിക അതിക്രമമാണെന്നും യു എൻ വിദഗ്ധരും സഹായഗ്രൂപ്പുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്.