ബർമിങ്ങാം: നായകൻ ശുഭ്മാൻ ഗിൽ മുന്നിൽ നിന്ന് പടനയിച്ചപ്പോൾ ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസിന് പുറത്തായി. തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി ​ഗിൽ(269) ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. ഗില്ലും രവീന്ദ്ര ജഡേജയും ചേർന്ന് ആറാം വിക്കറ്റിൽ നടത്തിയ ചെറുത്തുനിൽപ്പാണ് ടീമിനെ കൂറ്റൻ സ്കോർ സമ്മാനിച്ചത്. യശസ്വി ജയ്സ്വാളും(87) ജഡേജയും(89) അർധസെഞ്ചുറി തികച്ചു.

അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 310 റൺസ് എന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ശുഭ്മാൻ ഗില്ലും രവീന്ദ്ര ജഡേജയും ശ്രദ്ധയോടെയാണ് ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടത്. ഇംഗ്ലീഷ് ബൗളർമാർ മാറി മാറിയെറിഞ്ഞെങ്കിലും ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് നിന്നു. പിന്നാലെ ജഡേജ അർധസെഞ്ചുറി തികച്ചു. മറുവശത്ത് ഗില്ലും അടിയുറച്ചുനിന്നതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിച്ചു. 150-റൺസും ഇന്ത്യൻ നായകൻ നേടി. വിക്കറ്റെടുക്കാൻ ഇം​ഗ്ലീഷ് ബൗളർമാരുടെ ആവുന്നത്രശ്രമിച്ചിട്ടും ജഡേജയും ​ഗില്ലും വിട്ടുകൊടുത്തില്ല. ഇരുവരും ചേർന്ന് സ്കോർ 400-കടത്തി.