ഇറാനുമായുള്ള ഇസ്രായേലിന്റെ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ അവിടേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വിമതരായ ഗാസ നിവാസികൾക്കെതിരെ ഹമാസ് തങ്ങളുടെ ഭീഷണി വർധിപ്പിക്കുകയാണെന്ന് ഗാസയിലെ ചില പ്രവർത്തകർ വെളിപ്പെടുത്തുന്നു. ഈ അക്രമങ്ങളിൽ ഭൂരിഭാഗവും ഹമാസിന്റെ ‘ആരോ’ യൂണിറ്റ് (വഹ്ദത്ത് സഹ്ം) ആണ് നടത്തുന്നത്.
ഏപ്രിൽ, മെയ് മാസങ്ങളിൽ വടക്കൻ എൻക്ലേവിൽ നടന്ന ഹമാസ് വിരുദ്ധ പ്രതിഷേധങ്ങൾക്കു പിന്നിലെ സംഘാടകരിലൊരാളായ അഹമ്മദ് അൽ-മസ്രി ഹമാസിനെതിരെ നടത്തിയ പ്രക്ഷോപങ്ങളുടെ പേരിൽ ശ്രദ്ധ നേടിയിരുന്നു. കണ്ണിൽ തീപാറുന്ന, ചുറുചുറുക്കോടെയുള്ള അഹമ്മദ് അൽ-മസ്രിയുടെ വീഡിയോകൾ എല്ലവരും ശ്രദ്ധിച്ചിരുന്നു. എന്നാൽ ഈ കഴിഞ്ഞയാഴ്ച പുറത്തുവന്ന അൽ-മസ്രിയുടെ ചിത്രം ഏറെ നടുക്കുന്നതായിരുന്നു.
‘കണ്ണുകളിൽ ഭയവും നിസ്സഹായതയും നിറഞ്ഞ ഭാവത്തോടെ’ സ്ട്രെച്ചറിൽ കിടക്കുന്ന അൽ-മസ്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ കാലുകളിൽ രക്തം പുരണ്ടിരുന്നു. അതേസമയമ് ബെയ്റ്റ് ലാഹിയയിൽവച്ച് ഹമാസ് ഭീകരർ അൽ-മസ്രിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഒന്നിലധികം വൃത്തങ്ങൾ ദി ടെലിഗ്രാഫിനോടു പറഞ്ഞു.
“വലിയ കല്ലുകളും ഇരുമ്പുകമ്പുകളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ കാലുകൾ അവർ തല്ലിയൊടിച്ചു” – അവർ പറയുന്നു. “അവർ അവന്റെ മുന്നിൽവച്ച് രണ്ടുപേരെ വെടിവച്ചു, പിന്നീട് അവന്റെ കാലിലേക്കു വെടിയുതിർത്തു. വലിയ കല്ലുകളും ഇരുമ്പുകമ്പുകളും ഉപയോഗിച്ച് അവന്റെ കാലുകൾ തല്ലിയൊടിച്ചു, ഒരു മണിക്കൂർ വെയിലത്തു നിറുത്തി. പിന്നെ അവർ ഒരു ആംബുലൻസ് കൊണ്ടുവന്ന് അവനെ ആശുപത്രിയിലേക്കു കൊണ്ടുപോയി; ആംബുലൻസിൽവച്ച് അവന്റെ കാലിൽ അടിച്ചു” – ഒരു സ്രോതസ്സ് ടെലിഗ്രാഫിനോടു പറഞ്ഞു.
“കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്ന പ്രതിഷേധങ്ങൾക്കുശേഷം, ജനങ്ങളെ ഭയപ്പെടുത്താൻവേണ്ടി അവർ ആളുകളെ വധിക്കാനും അറസ്റ്റ് ചെയ്യാനും തുടങ്ങി. ഹമാസ് ഭീകരർ സിവിലിയന്മാരെ ദുരിതാശ്വാസ ലൈനുകളിൽ നിന്ന് വലിച്ചിഴയ്ക്കുകയോ, ബേസ്മെന്റുകളിൽ വച്ച് പീഡിപ്പിക്കുകയോ, പട്ടാപ്പകൽ വധശിക്ഷയ്ക്കു വിധേയമാക്കുകയോ ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ സമീപ ആഴ്ചകളിൽ വർധിച്ചിട്ടുണ്ടെന്നും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.



