ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: ഇടവേള കഴിഞ്ഞു, ഇനി വീണ്ടും ഡൊണാള്‍ഡ് ട്രംപ്- ഇലോണ്‍ മസ്ക് ആക്ഷന്‍ രംഗങ്ങളിലേക്ക് യുഎസ്. പരസ്പരം വെല്ലുവിളികളിലൂടെ ‘ഫ്രണ്ട്സ്’ വീണ്ടും കളം നിറഞ്ഞതോടെ യുഎസ് ഇതുവരെ കാണാത്ത ചക്കളത്തി പോരിനാണ് സാക്ഷ്യം വഹിക്കുന്നത്. ടെസ്ല മേധാവക്കും യുഎസ് പ്രസിഡന്റിനും ഇടയിലുള്ള ‘ജഗഡട’ അവസാനിച്ചു എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പുതിയ പോരാട്ട മുഖം തുറന്നിരിക്കുന്നത്.
ടെസ്ലയ്ക്ക് നല്കി വരുന്ന ചില സബ്്സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെ മറുപടിയുമായി മസ്ക് രംഗത്തു വരികയായിരുന്നു. ഇതോടെ പോര് പരസ്യമായ പോര്‍വിളിയുമായി ഇരുകൂട്ടരും രംഗത്തു വന്നിരിക്കുന്നത്. ടെസ്ല സബ്സിഡികള്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ‘എല്ലാം വെട്ടിക്കുറയ്ക്കാന്‍’ അദ്ദേഹത്തെ വെല്ലുവിളിച്ചു മസ്ക് രംഗത്തു വരികയായിരുന്നു.
‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ എന്ന പേരില്‍ തന്റെ പേര് ചരിത്രത്തില്‍ മുദ്രകുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത് എന്നാണ് മസ്ക് പറയുന്നത്. ഈ ബില്ല്, കാലഹരണപ്പെടുന്ന ട്രംപിന്റെ ആദ്യ ടേം നികുതി ഇളവുകള്‍ 4.5 ട്രില്യണ്‍ ഡോളര്‍ ചെലവില്‍ നീട്ടുകയും അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്. ഇതാണ് മസ്ക് എതിര്‍ക്കുന്നത്.
2026 ലെ ഇടക്കാല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ചിരിക്കുന്ന റിപ്പബ്ലിക്കന്മാര് പാക്കേജിനെച്ചൊല്ലി ഭിന്നതയിലാണ്. ഇത് ദശലക്ഷക്കണക്കിന് ദരിദ്രരായ അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുകയും രാജ്യത്തിന്റെ കടത്തില്‍ 3 ട്രില്യണ്‍ ഡോളറിലധികം കൂട്ടിച്ചേര്‍ക്കുകയും ചെയ്യും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫലത്തില്‍ റിപ്പബ്ലിക്കന്മാര്ക്കെതിരേ ജനരോഷം ശക്തമാകും എന്നാണ് വിലയിരുത്തുന്നത്.
ബില്ലില്‍ വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മസ്ക് എക്സിലെ പോസ്റ്റുമായി രംഗത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും ധനികനായ മസ്ക്, റിപ്പബ്ലിക്കന്മാര് ‘വായ്പാ അടിമത്ത’ത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപിച്ചത്. ‘ഞാന്‍ ആവശ്യപ്പെടുന്നത് അമേരിക്കയെ പാപ്പരാക്കരുത് എന്നതാണ്.’ നമ്മള് വായ്പാ പരിധി’ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ പിന്നെ ഡെബ്റ്റ് സീലിങ് കൊണ്ട് എന്തര്‍ഥം’- എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ത്തുന്നു. ഇതൊക്കെയാണ് ട്രംപിനെ ചൊടിപ്പിക്കുന്നതും.
‘പണം ലാഭിക്കാന്‍’ സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പായ ഡോജ്, ടെസ്ല സിഇഒമാരുടെ കമ്പനികള്‍ക്ക് നല്‍കിവരുന്ന സബ്സിഡികള്‍ പുന:പരിശോധിക്കണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തോട് മസ്ക് രൂക്ഷമായാണ് പ്രതികരിച്ചത്. ‘എല്ലാം ഇപ്പോള്‍ത്തന്നെ വെട്ടിക്കുറയ്ക്കൂ’ എന്നാണ് അദ്ദേഹം വെല്ലുവിളിച്ചത്.
ട്രംപിന്റെ ‘ബ്യൂട്ടിഫുള്‍ ബില്ലി’ലെ വ്യാപകമായ നികുതി ഇളവുകള്‍ക്കും ചെലവ് ചുരുക്കല്‍ നിര്ദേശത്തിനുമെതിരേ ഇലോണ്‍ മസ്ക് എക്സിലൂടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വന്നത്. സര്‍ക്കാര്‍ ചെലവുകള്‍ പരിമിതപ്പെടുത്തണമെന്ന് പ്രചാരണം നടത്തിയതിന് ശേഷം ബില്ലിനെ പിന്തുണച്ച നിയമനിര്‍മ്മാതാക്കളെ പുറത്താക്കുമെന്ന് മസ്ക് ആഹ്വാനം ചെയ്തിരുന്നു.
ഇതൊക്കെയാണ് ട്രംപിനെ ഭീഷണി ആവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മസ്ക് എന്നെ ശക്തമായി പിന്തുണയ്ക്കുന്നതിന് വളരെ മുമ്പുതന്നെ, ഞാന്‍ ഇവി മാന്‍ഡേറ്റിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് പരിഹാസ്യമാണ്, എന്റെ പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു അത്. ഇലക്ട്രിക് കാറുകള്‍ നല്ലതാണ്. പക്ഷേ എല്ലാവരും ഒന്ന് സ്വന്തമാക്കാന്‍ നിര്‍ബന്ധിതരാകരുത്.’- ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
”ചരിത്രത്തിലെ ഏതൊരു മനുഷ്യനേക്കാളും കൂടുതല്‍ സബ്സിഡികള്‍ ഇലോണിന് ലഭിച്ചേക്കാം. സബ്സിഡികള്‍ ഇല്ലെങ്കില്‍, എലോണിന് കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരും.”- ടെസ്ല സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ”ഇനി റോക്കറ്റ് വിക്ഷേപണങ്ങളോ ഉപഗ്രഹങ്ങളോ ഇലക്ട്രിക് കാര്‍ നിര്‍മ്മാണമോ ഉണ്ടാകില്ല. നമ്മുടെ രാജ്യത്തിന് ധാരാളം പണം ലാഭിക്കാം. ഡോജ് ഇത് ശ്രദ്ധിക്കണം. വലിയ തുക നമുക്ക് ലാഭിക്കാന്‍ കഴിയും..!!!!
ബന്ധം വഷളാകുകയും നികുതി ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ എല്ലായിടത്തും വ്യാപിക്കുകയും ചെയ്തതോടെ ട്രംപ് ടെസ്ല സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന് കേസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളിത്തത്തെക്കുറിച്ച് ടെസ്ല മേധാവി സൂചിപ്പിച്ചതോടെ പ്രശ്നങ്ങള്‍ കൈവിട്ടു പോയി. ഇതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയതില്‍ ഇലോണ്‍ മസ്ക് ഖേദം പ്രകടിപ്പിച്ചു രംഗത്തു വന്നിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ കുറയുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ‘ബ്യൂട്ടിഫുള്‍ ബില്‍’ നിയമനിര്‍മ്മാണത്തെച്ചൊല്ലി വീണ്ടും ഏറ്റുമുട്ടല്‍ തുടങ്ങുകയായിരുന്നു. എക്സിലെ ഒരു പോസ്റ്റില്‍ ബില്ലിനെ ‘തികച്ചും ഭ്രാന്തും വിനാശകരവുമാണ്’ എന്ന് വിശേഷിപ്പിച്ചു. ചെലവ് ചുരുക്കല്‍ സംബന്ധിച്ച് പ്രചാരണം നടത്തിയെങ്കിലും ബില്ലിനെ പിന്തുണച്ച നിയമനിര്‍മ്മാതാക്കള്‍ ‘ലജ്ജകൊണ്ട് തലകുനിക്കണമെന്ന്’ അദ്ദേഹം പറഞ്ഞു.
‘ഈ ഭൂമിയില്‍ ഞാന്‍ ചെയ്യുന്ന അവസാന കാര്യമാണെങ്കില്‍ കൂടി ഞാന്‍ പറയുന്നു, അടുത്ത വര്‍ഷം അവര്‍ അവരുടെ പ്രൈമറി പരാജയപ്പെടും.’- മസ്ക് കൂട്ടിച്ചേര്‍ത്തു. ബില്ലിന്റെ വമ്പിച്ച ചെലവ് ‘നമ്മള് ഒരു ഏകകക്ഷി രാജ്യത്താണ് ജീവിക്കുന്നതെന്ന ചിന്ത കൊണ്ടുവരികയാണ്. പോര്‍ക്കി പിഗ് പാര്‍ട്ടി എന്നു വിളിച്ച് അദ്ദേഹം ജിഒപിയെ പരിഹസിക്കുകയും ചെയ്തു. ഒപ്പം പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കായുള്ള ആഹ്വാനം അദ്ദേഹം ശക്തമാക്കുകയും ചെയ്തു.