ന്യൂഡൽഹി: ഭരണഘടനയ്ക്കു പകരം ആർഎസ്എസിനും ബിജെപിയ്ക്കും വേണ്ടിയിരുന്നത് മനുസ്മൃതി ആയിരുന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാഹുൽ പറഞ്ഞത് ചരിത്രപരമായി ശരിയാണെന്ന് പറഞ്ഞ തരൂർ, ആർഎസ്എസ് അന്നത്തേതിൽനിന്ന് മാറിയെന്നാണ് താൻ വിചാരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസുമായുള്ള അസ്വാരസ്യം പുകയുന്നതിനിടെയാണ് തരൂരിന്റെ ആർഎസ്എസ് അനുഭാവ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

ചരിത്രപരമായി, ഭരണഘടന നിലവിൽ വന്ന സമയത്ത് ഉന്നയിക്കപ്പെട്ട ഒരു വിമർശനത്തേക്കുറിച്ചാണ് രാഹുൽ പരാമർശിച്ചതെന്ന് തരൂർ പറഞ്ഞു. മനുസ്മൃതിയിലെ യാതൊന്നുമില്ല എന്നതാണ് ഭരണഘടനയുടെ ഏറ്റവും വലിയ പോരായ്മകളിലൊന്ന് എന്ന് ഗോൾവാൽക്കർ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. എന്നാൽ, അന്നത്തെ കാലത്തുനിന്ന് ആർഎസ്എസ് മാറിയിട്ടുണ്ടെന്നാണ് താൻ കരുതുന്നത്. അതുകൊണ്ട് ചരിത്രപരമായ പ്രസ്താവനയെന്ന നിലയ്ക്ക് അത് കൃത്യമാണ്. എന്നാൽ, ഇന്നത്തെ അവരുടെ ചിന്തയുടെ പ്രതിഫലനം അതാണോ എന്നതിന് ഉത്തരം പറയേണ്ടത് ആർഎസ്എസ് ആണ്, തരൂർ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ വിമർശനത്തോടുള്ള പ്രതികരണം ആരായവേ മാധ്യമങ്ങളോടായിരുന്നു തരൂരിന്റെ പ്രതികരണം, 

ഭരണഘടനയുടെ ആമുഖത്തിലെ മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ പദങ്ങളെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്കിടെയായിരുന്നു രാഹുലിന്റെ ആർഎസ്എസ്-ബിജെപി വിമർശനം. ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്ന് പറഞ്ഞതിലൂടെ ആർഎസ്എസിന്റെ മുഖംമൂടി അഴിഞ്ഞുവീണതായും രാഹുൽ പരിഹസിച്ചിരുന്നു.

ഭരണഘടനയുടെ ആമുഖത്തിൽ മതേതത്വം, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ ചേർത്തത് പുനപ്പരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലേ ആവശ്യമുന്നയിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഈ പദങ്ങൾ ആമുഖത്തിൽ ചേർത്തത് അടിയന്തരാവസ്ഥക്കാലത്തായിരുന്നെന്നും ബിആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ ഈ വാക്കുകൾ ഉണ്ടായിരുന്നില്ലെന്നും ദത്താത്രേയ പറഞ്ഞിരുന്നു.