ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണങ്ങള്‍. എതിരാളികള്‍ക്കെതിരേ മയമില്ലാത്ത വാക്ശരങ്ങള്‍ തൊടുക്കുന്ന ട്രംപിന്റെ ഏറ്റവും ഒടുലിലത്തെ ഇര ന്യൂയോര്‍ക്ക് നഗരത്തിലെ ഡെമോക്രാറ്റിക് മേയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഇടതുപക്ഷ സോഷ്യലിസ്റ്റ് സൊഹ്റാന്‍ മംദാനിയാണ്. ഈ മംദാനിയാകട്ടെ ഇന്ത്യയ്ക്കും മലയാളികള്‍ക്കും പരിചിതയായ ഒരാളുടെ മകനാണ്.

പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തക മീര നായരാണ് അദ്ദേഹത്തിന്റെ മാതാവ്. മീരയുടെയും ഇന്ത്യന്‍ വംശജനായ ഉഗാണ്ടന്‍ മാര്‍ക്‌സിസ്റ്റ് പണ്ഡിതനായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് ഇന്ത്യന്‍ വംശജനായ മുസ്ലീം മംദാനി. ന്യൂയോര്‍ക്ക് സിറ്റിയുടെ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ മേയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഡെമോക്രാറ്റിന്റെ പ്രൈമറി തിരഞ്ഞെടുപ്പില്‍ മംദാനി യോഗ്യത നേടിയ മട്ടാണ്. മംദാനി 43.5 ശതമാനം വോട്ടുകളാണ് 90 ശതമാനം ബാലറ്റുകളും എണ്ണിയപ്പോള്‍ നേടിയിരിക്കുന്നത്. അവസാന മത്സരത്തില്‍ മംദാനി വിജയിച്ചാല്‍, അദ്ദേഹം ന്യൂയോര്‍ക്കിലെ ആദ്യത്തെ മുസ്ലീം മേയറാകും.

അതുകൂടി മുന്നില്‍ കണ്ടാണ് ട്രംപിന്റെ ഹാലിളക്കം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാരുടെ മകനായ അദ്ദേഹത്തിന് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്ക പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. അതു തന്നെയാണ് ട്രംപിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതും. ഈ ഇടതു പാര്‍ട്ടിയുമായി ഡെമോക്രാറ്റുകള്‍ ബന്ധം ഉപേക്ഷിക്കണമെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ. മംദാനി പലസ്തീനികള്‍ക്കുവേണ്ടി സംസാരിക്കുകയും ഇസ്രായേലിനെ ‘വംശഹത്യ’ക്കാരായും ആരോപിച്ചു എന്ന വസ്തുതയും അദ്ദേഹത്തെ ട്രംപിന്റെ പ്രധാന ശത്രുവാക്കുന്നു.

ഡെമോക്രാറ്റ് മേയര്‍ പ്രൈമറി സ്ഥാനത്തേക്ക് വിജയിച്ച മംദാനിയെ ‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ചതിനെത്തുടര്‍ന്ന്, മംദാനിയെ പിന്തുണയ്ക്കുന്ന മറ്റ് പുരോഗമന നേതാക്കളെയും ട്രംപ് വിമര്‍ശിച്ചു രംഗത്തുവന്നു. ‘ഒടുവില്‍ അത് സംഭവിച്ചു, ഡെമോക്രാറ്റുകള്‍ അതിരുകടന്നു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാന്‍ മംദാനി ഡെം പ്രൈമറിയില്‍ വിജയിച്ചു മേയറാകാനുള്ള പാതയിലാണ്. നമുക്ക് മുമ്പ് റാഡിക്കല്‍ ലെഫ്റ്റികള്‍ ഉണ്ടായിരുന്നു, പക്ഷേ ഇത് അല്‍പ്പം പരിഹാസ്യമായി മാറുകയാണ്.’ റിപ്പബ്ലിക്കന്‍ തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ കുറിച്ചു.

33 വയസ്സുള്ള സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റിനെതിരെ വ്യക്തിപരമായ ആക്രമണം അഴിച്ചുവിട്ട ട്രംപ്, മംദാനി ‘ഭയങ്കരനായി കാണപ്പെടുന്നു. അദ്ദേഹത്തിന്റെ ശബ്ദം ഇറുകിയതാണ്. അദ്ദേഹം അത്ര ബുദ്ധിമാനല്ല, അദ്ദേഹത്തിന് AOC+3 ഉണ്ട്, ഡമ്മികള്‍ എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. നമ്മുടെ മഹാനായ പലസ്തീന്‍ സെനറ്റര്‍ ക്രയിംഗ് ചക്ക് ഷൂമര്‍ പോലും അദ്ദേഹത്തിനു വേണ്ടി രംഗത്തുവന്നിരിക്കുന്നു. അതെ, ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു വലിയ നിമിഷമാണ്!’- കുറിപ്പില്‍ പറയുന്നു.

മറ്റൊരു പോസ്റ്റില്‍, ഡെമോക്രാറ്റുകള്‍ ‘കുറഞ്ഞ ബുദ്ധിശക്തിയുള്ള സ്ഥാനാര്‍ത്ഥിയായ ജാസ്മിന്‍ ക്രോക്കറ്റിനെ പ്രസിഡന്റ് സ്ഥാനത്തേക്ക്’ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. ഡെമോക്രാറ്റുകള്‍ ‘AOC+3’ – (അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസിനും മറ്റ് പുരോഗമന സ്‌ക്വാഡ് അംഗങ്ങള്‍ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പദം) സംഘത്തെ കാബിനറ്റ് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ പിന്തുണക്കാരില്‍ ട്രംപ് പരാജയപ്പെടുത്തിയ രണ്ട് പേരും ഉള്‍പ്പെടുന്നതും ട്രംപിനെ ചൊടിപ്പിക്കുന്നുണ്ട്. തീവ്ര ഇടതുപക്ഷ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സും പുരോഗമന കോണ്‍ഗ്രസ് വനിത അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസും ട്രംപിന്റെ കണ്ണിലെ കരടാണ്. നിലവില്‍ ക്വീന്‍സിന്റെ ബറോയെ പ്രതിനിധീകരിക്കുന്ന ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ മംദാനിയുടെ ശ്രദ്ധേയമായ നയ നിര്‍ദ്ദേശങ്ങളില്‍ നിരവധി ന്യൂയോര്‍ക്കുകാര്‍ക്ക് വാടക മരവിപ്പിക്കല്‍, സൗജന്യ ബസ് സര്‍വീസ്, സാര്‍വത്രിക ശിശു സംരക്ഷണം എന്നിവ ഉള്‍പ്പെടുന്നു. മൂന്ന് കിടപ്പുമുറി അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം 6,000 ഡോളര്‍ എളുപ്പത്തില്‍ ചിലവാകുന്ന ഒരു നഗരത്തില്‍, അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റി.