ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ എട്ട് ദിവസങ്ങളിൽ കണ്ടതിനേക്കാൾ സമാധാനമോ അതിനേക്കാൾ ദുരിതമോ ആണ് ഇറാനെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെ ട്രംപ് വിശദമാക്കിയത്. ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ആക്രമണം നടത്തിയത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് നിലവിൽ വ്യക്തമല്ല. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.