ഹാര്‍വാഡ് സര്‍വകലാശാലയ്ക്കെതിരേ വീണ്ടും ട്രംപ് ഭരണകൂടം. സര്‍വകലാശാലയുമായുള്ള പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കും. ഫെഡറല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹാര്‍വാഡ് സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സര്‍വകലാശാലയ്ക്കുള്ള 200 കോടിയിലധികം ഡോളറിന്റെ സഹായധനം ട്രംപ് ഭരണകൂടം നേരത്തെ തന്നെ നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് കോടി ഡോളറിന്റെ കരാറുകള്‍ മരവിപ്പിക്കാനുള്ള നീക്കം. സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കാനും പകരം വേറെ സംവിധാനത്തെ കണ്ടെത്താനും ആവശ്യപ്പെട്ട് ഫെഡറല്‍ ഏജന്‍സികള്‍ക്ക് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കത്ത് ഉടന്‍ കൈമാറിയേക്കും. ഒന്‍പതോളം ഫെഡറല്‍ ഏജന്‍സികളുമായുള്ള കരാര്‍ ഇതോടെ ഹാര്‍വാഡിന് നഷ്ടമാകുമെന്നാണ് സൂചന.