ഹരിയാന ആസ്ഥാനമായുള്ള ഒരു യാത്രാ ബ്ലോഗർ ഉൾപ്പെടെ ആറ് ഇന്ത്യൻ പൗരന്മാർ പാകിസ്ഥാൻ ചാരന്മാർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ അറസ്റ്റിലായി. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ വേരുകളുള്ള ഈ ചാര ശൃംഖലയിൽ പ്രധാന പ്രവർത്തകർ, ഏജന്റുമാർ, സാമ്പത്തിക സഹായം നൽകുന്നവർ, വിവരങ്ങൾ കൈമാറുന്നവർ എന്നിവരെല്ലാം ഉൾപ്പെടുന്നു.
ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായവരിൽ പ്രധാനി. കമ്മീഷൻ ഏജന്റുമാർ വഴി വിസ സംഘടിപ്പിച്ച് 2023ൽ ഇവർ പാകിസ്ഥാൻ സന്ദർശിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഈ യാത്രയ്ക്കിടെ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷ് എന്ന എഹ്സാൻ-ഉർ-റഹീമുമായി ജ്യോതി അടുത്ത സൗഹൃദം സ്ഥാപിച്ചു.
2025 മെയ് 13ന് ഇന്ത്യ പേഴ്സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിക്കുകയും പുറത്താക്കുകയും ചെയ്ത ഡാനിഷ്, ജ്യോതിയെ നിരവധി പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് (PIOs) പരിചയപ്പെടുത്തിക്കൊടുത്തുവെന്ന് ആരോപിക്കപ്പെടുന്നു. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത ആപ്ലിക്കേഷനുകളിലൂടെ ജ്യോതി, ഷാക്കിർ എന്ന റാണ ഷഹബാസ് ഉൾപ്പെടെയുള്ളവരുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നു. ഷാക്കിറിൻ്റെ നമ്പർ ജ്യോതി തൻ്റെ ഫോണിൽ ജട്ട് രൺധാവ എന്നാണ് സേവ് ചെയ്തിരുന്നത്.
ഇവർ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും തന്ത്രപ്രധാന സ്ഥലങ്ങളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പങ്കുവെച്ചതായും, സോഷ്യൽ മീഡിയയിൽ പാകിസ്ഥാന് അനുകൂലമായ പ്രചാരണം നടത്തിയതായും ആരോപണമുണ്ട്. ഒരു പാക് ഇൻ്റലിജൻസ് ഓഫീസറുമായി ജ്യോതി അടുത്ത ബന്ധം പുലർത്തുകയും ഇരുവരും ചേർന്ന് ഇന്തോനേഷ്യയിലെ ബാലി വരെ യാത്ര ചെയ്യുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 152, 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 4, 5 എന്നിവ പ്രകാരം ജ്യോതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ജ്യോതി കുറ്റം സമ്മതിച്ചതായും, കേസ് കൂടുതൽ അന്വേഷണത്തിനായി ഹിസാറിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജ്യോതിയെ കൂടാതെ അറസ്റ്റിലായ മറ്റൊരാൾ പഞ്ചാബിലെ മലേർകോട്ല സ്വദേശിയായ 32 വയസ്സുകാരി വിധവ ഗുസാലയാണ്. 2025 ഫെബ്രുവരി 27ന് വിസയ്ക്ക് അപേക്ഷിക്കാൻ ഗുസാല ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ സന്ദർശിച്ചു. അവിടെവെച്ച് അവർ ഡാനിഷിനെ കണ്ടുമുട്ടുകയും പിന്നീട് ഇരുവരും സ്ഥിരമായി സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. വാട്സ്ആപ്പിൽ നിന്ന് ടെലിഗ്രാമിലേക്ക് മാറിയാൽ വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് വിശ്വസിപ്പിച്ച് ഡാനിഷ് ഗുസാലയെ അതിനായി പ്രേരിപ്പിച്ചു. വിവാഹ വാഗ്ദാനം നൽകി ചാറ്റുകളിലൂടെയും വീഡിയോ കോളുകളിലൂടെയും ഇരുവരും പ്രണയത്തിലായി. ഇതിലൂടെ ഡാനിഷ് ഗുസാലയുടെ വിശ്വാസം നേടിയെടുത്തു.
തുടർന്ന് ഡാനിഷ് ഗുസാലയ്ക്ക് പണം അയച്ചുതുടങ്ങി – മാർച്ച് 7ന് ഫോൺപേ വഴി 10,000 രൂപയും, മാർച്ച് 23ന് ഗൂഗിൾ പേ വഴി 20,000 രൂപയും അയച്ചു. പിന്നീട് ഈ പണത്തിൽ നിന്ന് 1,800 രൂപ, 899 രൂപ, 699 രൂപ, 3,000 രൂപ എന്നിങ്ങനെ വിവിധ ആളുകൾക്ക് കൈമാറാൻ ഡാനിഷ് ഗുസാലയോട് ആവശ്യപ്പെട്ടു.
ഏപ്രിൽ 23ന് ഗുസാല പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ വീണ്ടും എത്തി. മലേർക്കോട്ലയിൽ നിന്നുള്ള മറ്റൊരു വിധവയും സുഹൃത്തുമായ ബാനു നസ്രീനയും കൂടെയുണ്ടായിരുന്നു. അടുത്ത ദിവസം ഡാനിഷ് ഇരുവരുടെയും വിസയ്ക്ക് സൗകര്യം ചെയ്തു കൊടുത്തു.
ഈ കേസിൽ അറസ്റ്റിലായ മറ്റുള്ളവരിൽ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ കാര്യങ്ങളിലും സഹകരിച്ച മലേർകോട്ടിയ സ്വദേശി യമീൻ മുഹമ്മദ്, പാകിസ്ഥാനിലേക്കുള്ള തീർത്ഥാടനത്തിനിടെ റിക്രൂട്ട് ചെയ്യപ്പെട്ട പട്യാല കന്റോൺമെൻ്റിൻ്റെ വീഡിയോകൾ അയച്ച സിഖ് വിദ്യാർത്ഥി ഹരിയാനയിലെ കൈതാലിൽ നിന്നുള്ള ദേവീന്ദർ സിംഗ് ധില്ലൺ, പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്യുകയും പണം കൈമാറുകയും ഡിഫൻസ് എക്സ്പോ 2025 സന്ദർശിക്കുകയും ചെയ്ത ഹരിയാനയിലെ നൂഹിൽ നിന്നുള്ള അർമാൻ എന്നിവരും ഉൾപ്പെടുന്നു.
മതപരവും സാമൂഹികവുമായ സാഹചര്യങ്ങളിൽ ദുർബലരായ വ്യക്തികളെ വൈകാരിക ബന്ധങ്ങൾ, പണ സമ്മാനങ്ങൾ, വ്യാജ വിവാഹ വാഗ്ദാനങ്ങൾ എന്നിവയിലൂടെ വഞ്ചിച്ചാണ് ഈ വലിയ ചാരവൃത്തി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേയോട് റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായ പ്രതികൾ തങ്ങളുടെ കുറ്റങ്ങൾ സമ്മതിച്ചിട്ടുണ്ടെന്നും, കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.