അഡ്വ. സണ്ണി ജോസഫ് എം.എൽ.എയെ കെ.പി.സി.സി അധ്യക്ഷനായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. കണ്ണൂർ പേരാവൂരിൽ നിന്നുള്ള എം.എൽ.എയാണ്. കെ. സുധാകരനെ മാറ്റിയാണ് നിയമനം. എം.എം. ഹസ്സനെ മാറ്റി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ് കൺവീനറായും നിയമിച്ചു.

പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഷാഫി പറമ്പിൽ എം.പി, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരെ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റുമാരായും നിയമിച്ചു. സ്ഥാനമൊഴിഞ്ഞ കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാക്കി.

കെ.പി.സി.സി പുന:സംഘടന ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു. എന്നാൽ, തന്നെ മാറ്റുന്നതിൽ കടുത്ത വിയോജിപ്പിലായിരുന്നു കെ. സുധാകരൻ. രോഗിയാണെന്ന് പറഞ്ഞുപരത്തി തന്നെ മൂലക്കിരുത്താൻ ചിലർ ശ്രമിക്കുന്നതായി സുധാകരൻ പരസ്യമായി ആരോപിച്ചിരുന്നു. എന്നാൽ, സുധാകരന്‍റെ എതിർപ്പുകൾ അവഗണിച്ചാണ് ഹൈകമാൻഡിന്‍റെ നിർണായക തീരുമാനം.