ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളും പൊതുസമൂഹവും മാധ്യമങ്ങളും ഈ ദിവസങ്ങളില്‍ ഉറ്റുനോക്കുന്നത് വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ചിമ്മിനിയിലേക്കാണ്. വെളുത്ത പുകയാണോ, അതോ കറുത്ത പുകയാണോ ഉയരുന്നത് എന്നറിയാന്‍ എല്ലാവരും ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ്‌. പുകക്കുഴലിനു സമീപം ഇടയ്ക്കിടെ എത്തുന്ന പക്ഷികളും ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

ആയിരത്തി എണ്ണൂറുകളിലാണ് കർദിനാളന്മാർക്ക് ഒരു മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനു സാധിച്ചില്ല എന്നു കാണിക്കുന്നതിനായി ഓരോ വോട്ടിങ്ങിനുശേഷവും ബാലറ്റ് പേപ്പർ കത്തിച്ച് ചിമ്മിനിയിലൂടെ പുക പുറത്തേക്കുവിടുന്ന പതിവ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഒരുതിരഞ്ഞെടുപ്പിനുശേഷം പുക വന്നില്ലായെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തു എന്ന് അറിയാമായിരുന്നു. 1914 നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ സിസ്റ്റീൻ ചാപ്പലിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ചിമ്മിനിയിലൂടെ വെളുത്തതോ, കറുത്തതോ ആയ പുക തിരഞ്ഞെടുപ്പിന്റെ അടയാളമായി പുറത്തുവിടുന്ന പതിവ് ആരംഭിച്ചു. വെള്ളപ്പുക പുതിയൊരു മാർപാപ്പയെ തിരഞ്ഞെടുത്തു എന്നും കറുത്തപുക മാർപാപ്പയാകാനുള്ള മൂന്നിൽ രണ്ടു ഭൂരിപക്ഷം ആർക്കും കിട്ടിയിട്ടില്ലെന്നും കാണിക്കുന്നു. ആദ്യകാലങ്ങളിൽ ചില തിരഞ്ഞെടുപ്പിലെങ്കിലും പുറത്തുവരുന്ന പുകയുടെ നിറത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു.

എ ഡി 1963 മുതൽ ബാലറ്റ് പേപ്പറുകളോടൊപ്പം രാസവസ്തുക്കളും ചേർത്ത് കത്തിക്കാൻ തുടങ്ങി. 2005 മുതൽ വെളുത്ത പുകയോടൊപ്പം വി. പത്രോസിന്റെ ബസിലിക്കയിൽ മണികളും മുഴക്കുന്നതുകൊണ്ട് ഇപ്പോൾ ഒരു മാർപാപ്പയെ തിരഞ്ഞെടുത്തു എന്ന് അറിയുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. 2013 ലെ തിരഞ്ഞെടുപ്പിനുപയോഗിച്ച രാസവസ്തുക്കളുടെ പേരുവിവരം വരെ വത്തിക്കാൻ പ്രസിദ്ധമാക്കുകയുണ്ടായി. ഏതായാലും എല്ലാവരും കാത്തിരിക്കുകയാണ്‌; കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയെ കാത്തിരിക്കുകയാണ്‌.