അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേലുള്ള തീരുവ ഒഴിവാക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ താരിഫുകള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്നതാണെന്ന് ട്രംപ് പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകള്‍ ഇന്ത്യയിലാണ്. ഞങ്ങള്‍ അത് സഹിക്കാന്‍ പോകുന്നില്ല. അവര്‍ അത് ഒഴിവാക്കാന്‍ സമ്മതിച്ചു,’ ട്രംപ് വൈറ്റ് ഹൗസില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ പറഞ്ഞു.

താരിഫ് മാറ്റങ്ങള്‍ ബാധിക്കപ്പെടുന്ന സാധനങ്ങളെയോ മേഖലകളെയോ കുറിച്ച് ട്രംപ് പ്രത്യേക വിവരങ്ങള്‍ നല്‍കിയില്ല. യുഎസുമായി നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകള്‍ക്കിടയില്‍, യുഎസില്‍ നിന്നുള്ള സ്റ്റീല്‍, ഓട്ടോ ഘടകങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് പരസ്പര അടിസ്ഥാനത്തില്‍ പൂജ്യം താരിഫ് ചുമത്താന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഏപ്രില്‍ 2 ന് യുഎസിന്റെ മിക്കവാറും എല്ലാ വ്യാപാര പങ്കാളി രാഷ്ട്രങ്ങള്‍ക്കും മേല്‍ പകരത്തിന് പകരം തീരുവ ചുമത്തിക്കൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് തുടക്കത്തില്‍ 26 ശതമാനം തീരുവ ചുമത്തി. പിന്നീട് താരിഫുകള്‍ നടപ്പാക്കാന്‍ 90 ദിവസത്തെ താല്‍ക്കാലിക വിരാമം യുഎസ് പ്രസിഡന്റ് ഏര്‍പ്പെടുത്തി. താരിഫുകള്‍ ഈ കാലയളവില്‍ 10 ശതമാനമായി കുറച്ചു.  ഇത് ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം താരിഫാണ് ട്രംപ് ചുമത്തിയിരിക്കുന്നത്.