ഭര്‍ത്താവ് ഭാര്യയെ കെട്ടിയിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ യുവതി ശ്വാസംമുട്ടി മരിച്ചു. ഹൊസൂരിലാണ് സംഭവം. 34 വയസ്സുള്ള ജിം പരിശീലകന്‍ ഭാസ്‌കറാണ് ഈ കേസില്‍ അറസ്റ്റിലായത്. 32 വയസ്സുള്ള ഭാര്യ ശശികല ഏപ്രില്‍ 30നാണ് മരിച്ചത്. കൈകാലുകള്‍ ബന്ധിച്ചുള്ള ബോണ്ടേജ് സെക്‌സ്-ലൈംഗിക വേഴ്ചയ്ക്കിടെ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് ഭാസ്‌കര്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി.

സ്ത്രീകള്‍ക്ക് മാത്രമായുള്ള ജിം നടത്തി വരികയായിരുന്നു ശശികല. 2018ല്‍ വിവാഹിതരായ ഇവര്‍ക്ക് നാല് വയസ്സും രണ്ട് വയസ്സുമുള്ള രണ്ട് കുട്ടികളുണ്ട്. ഭാസ്‌കറും ശശികലയും ലൈംഗിക ബന്ധനത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് മദ്യപിച്ചിരുന്നുവെന്നും, അതിനിടയില്‍ ഭാര്യയുടെ കൈകളും കാലുകളും കെട്ടി, കഴുത്തില്‍ തുണി ചുറ്റിയെന്നും ഭാസ്‌കര്‍ പോലീസിനോട് പറഞ്ഞു. ഇതാണ് ശ്വാസംമുട്ടലിന് കാരണമായത്. പിന്നീട് ശശികലയുടെ മൂക്കില്‍ നിന്ന് രക്തം വരികയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരിക്കുകയും ചെയ്തു.

എന്നാല്‍ ശശികലയുടെ അച്ഛന്‍ അരുളും ബന്ധുക്കളും ഭാസ്‌കറിന്റെ വാദം അംഗീകരിക്കുന്നില്ല. ഭാസ്‌കര്‍ ശശികലയെ മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്നും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നെന്നും അവര്‍ ആരോപിച്ചു. ഭാസ്‌കറിന് മറ്റ് ബന്ധങ്ങളുണ്ടെന്ന് ശശികലയ്ക്ക് സംശയം ഉണ്ടായിരുന്നതായും ഇത് വഴക്കുകള്‍ക്ക് കാരണമായിരുന്നുവെന്നും അരുള്‍ പറഞ്ഞു. മുന്‍പ് രണ്ടുതവണ ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകള്‍ മരിച്ച ദിവസം ഭാസ്‌കര്‍ അവളുടെ വായും കൈകാലുകളും കെട്ടി കൊലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഭാസ്‌കറിന്റെ മൊഴിയും ശശികലയുടെ കുടുംബത്തിന്റെ ആരോപണങ്ങളും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.