വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച.
പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിക്കാൻ പോകുന്ന സൈനിക നടപടികളെക്കുറിച്ച് വിലയിരുത്താൻ പ്രധാനമന്ത്രി മൂന്ന് സായുധ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നതിനാൽ ഈ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറെയാണ്.
ഏപ്രിൽ 26 ന് പ്രധാനമന്ത്രി മോദി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, മറ്റ് സായുധ സേനാ മേധാവികൾ എന്നിവരുമായി ഒരു സുപ്രധാന കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂർ നീണ്ടുനിന്ന ഈ യോഗത്തിൽ, പാകിസ്ഥാനെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി മോദി സായുധ സേനയ്ക്ക് പൂർണ സ്വതന്ത്ര്യം നൽകി.



