ഇസ്ലാമാബാദ്: പാക് അധീന കാശ്മീരിലെ മദ്രസകൾ അടച്ച് പാകിസ്താൻ. പാക് മതകാര്യ വകുപ്പിന്റേതാണ് നീക്കം. പത്ത് ദിവസത്തേക്കാണ് അടച്ചിടുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്താലാണ് മദ്രസകൾ അടച്ചതെന്നാണ് വിവരം. കൂടാതെ ഇന്ത്യൻ ഗാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്താൻ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ ഉത്തരവിറക്കി. രാജ്യത്തെ എല്ലാ എഫ്.എം സ്റ്റേഷനുകളും ഇത് കർശനമായി പാലിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.

അതിനിടെ, ഇന്ത്യ-പാകിസ്താൻ വിഷയത്തിൽ അമേരിക്ക ഇടപെടണമെന്ന് യു.എസിലെ പാകിസ്താൻ അംബാസിഡർ റിസ്വാൻ സയീദ് ഷെയ്ഖ് ആവശ്യപ്പെട്ടു. അതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയിൽനിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ പാകിസ്താൻ മുഖം തിരിക്കുകയാണ്. പാക് പൗരന്മാർക്ക് രാജ്യംവിടാനുള്ള സമയപരിധി ഇന്ത്യ നീട്ടിനൽകിയെങ്കിലും പാകിസ്താൻ വാഗാ അതിർത്തി അടച്ചെന്നും സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽനിന്ന് മടങ്ങുന്ന ഒട്ടേറെ പാക് പൗരന്മാർ അട്ടാരി-വാഗാ അതിർത്തിയിൽ കുടുങ്ങികിടക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തേ, ഏപ്രിൽ 30-ന് അട്ടാരി അതിർത്തി അടയ്ക്കുമെന്നും ഇതിനകം പാക് പൗരന്മാർ രാജ്യം വിടണമെന്നുമായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്ച സമയപരിധി ഇന്ത്യ നീട്ടിനൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാകിസ്താൻ പൗരന്മാർക്ക് അട്ടാരി അതിർത്തിവഴി മടങ്ങാമെന്നാണ് കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. അതേസമയം, പാകിസ്താൻ വാഗാ അതിർത്തി അടച്ചിട്ടതിനാൽ വ്യാഴാഴ്ച ഇരുരാജ്യങ്ങളിൽനിന്നും ആർക്കും മറുഭാഗത്തേക്ക് കടക്കാനായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.