ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന്റെ പേരിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിൽ കനത്ത ജാഗ്രതയിലാണ്. ബാരാമുള്ളയിലെ ഇന്ത്യ-പാക് അതിർത്തി ഗ്രാമങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമവാസികളിൽ പലരെയും മാറ്റിപ്പാർപ്പിച്ചു. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എൻഐഎ. നേരിട്ട് കണ്ട് മൊഴിയെടുക്കും. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം സംഘമെത്തും. കർണാടകയിൽ ഭരത് ഭൂഷന്റെ കുടുംബത്തെ തിങ്കളാഴ്ച സന്ദർശിക്കും.

പാക് പൗരന്മാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതി ആളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. ഞായറാഴ്ച (27.04.2025) രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. മെഡിക്കൽ വിസയുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും.