ഒരു റേസ് ട്രാക്കിൽ ആകാംഷയോടെ കണ്ണുംനട്ടിരിക്കുന്ന ആയിരക്കണക്കിന് പേർ! കമന്റേറ്ററുടെ ആവേശം നിറഞ്ഞ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുന്നു – എന്നാൽ ഇവർ പ്രോത്സാഹിപ്പിക്കുന്നത് സ്റ്റേഡിയത്തിൽ പായുന്ന അത്‌ലറ്റുകളെയല്ല, മറിച്ച് ഒരു തുള്ളി ദ്രാവകത്തിൽ നീന്തിത്തുടിക്കുന്ന കുഞ്ഞൻ ബീജകോശങ്ങളെയാണ്! ഈ അസാധാരണമായ ‘ബീജ ഓട്ട’ത്തിന് പിന്നിൽ 17 വയസ്സുകാരനായ എറിക് ഷു എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ ഉത്കണ്ഠയും സർഗ്ഗാത്മകതയുമുണ്ട്.

പുരുഷ വന്ധ്യതയുടെ വർദ്ധനവിനെക്കുറിച്ച് ലോകശ്രദ്ധ ക്ഷണിക്കാനായി എറിക് ഷു ഒരു മില്യൺ ഡോളറിലധികം രൂപ സമാഹരിച്ചാണ് ഈ അസാധാരണമായ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ 50 വർഷത്തിനിടെ ശരാശരി ബീജങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്ന ഞെട്ടിക്കുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്ന് ഷു വെളിപ്പെടുത്തുന്നു.

‘ഒരു തലമുറയ്ക്ക് പോലും കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ കഴിയാത്ത ഒരു ഭീകരമായ ഭാവി ഉണ്ടാകാം’ എന്ന ഭയമാണ് പ്രത്യുത്പാദന ആരോഗ്യത്തിൻ്റെ പ്രാധാന്യം ലോകത്തെ അറിയിക്കാൻ ഇങ്ങനെയൊരു പരീക്ഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഷു പറയുന്നു. എന്നിരുന്നാലും, മനുഷ്യരാശി ബീജങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് നേരിടുന്നുണ്ടോ എന്ന വിഷയത്തിൽ ശാസ്ത്രലോകത്ത് ഇനിയും ഭിന്നാഭിപ്രായങ്ങളുണ്ട്. പല പഠനങ്ങളിലും വ്യത്യസ്തമായ ഫലങ്ങളാണ് പുറത്തുവരുന്നത് എന്നത് ഇതിന് കാരണം.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ലോസ് ഏഞ്ചൽസിൽ അരങ്ങേറിയ ഈ വിചിത്രമായ ദൃശ്യത്തിന് സാക്ഷ്യം വഹിക്കാൻ നിരവധിപേരെത്തി. ലാബ് കോട്ട് ധരിച്ച ഒരാൾ ശ്രദ്ധാപൂർവ്വം പൈപ്പറ്റുകൾ ഉപയോഗിച്ച്, മത്സരാർത്ഥികളിൽ നിന്ന് മുൻകൂട്ടി ശേഖരിച്ച ബീജത്തിൻ്റെ സാമ്പിളുകൾ രണ്ട് മില്ലിമീറ്റർ മാത്രം നീളമുള്ള സൂക്ഷ്മമായ ‘ട്രാക്കുകളിൽ’ സ്ഥാപിച്ചു. ഈ റേസ് ട്രാക്ക് ഒരു അത്യാധുനിക മൈക്രോസ്കോപ്പ് ഉപയോഗിച്ച് 100 മടങ്ങ് വലുതാക്കി, തുടർന്ന് ഒരു ഹൈ-ഡെഫനിഷൻ ക്യാമറ ഉപയോഗിച്ച് ഓരോ ചലനവും ഒപ്പിയെടുത്തു. ഈ ദൃശ്യങ്ങൾ പിന്നീട് ഒരു ത്രീഡി ആനിമേഷൻ സോഫ്റ്റ്‌വെയറിലേക്ക് മാറ്റുകയും, പ്രേക്ഷകർക്ക് തത്സമയം ഒരു വലിയ സ്ക്രീനിൽ കാണിക്കുകയും ചെയ്തു.

‘ഇത് ശരിക്കും നടന്നതാണോ എന്ന് ഉറപ്പിച്ചു പറയാൻ എനിക്കറിയില്ല, പക്ഷേ ഇങ്ങനെ ഒരു ശ്രമം നടന്നു എന്നത് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ 20 വയസ്സുള്ള കാഴ്ചക്കാരനായ ഫെലിക്സ് എസ്കോബാർ പ്രതികരിച്ചതായി വാർത്താ ഏജൻസി എ എഫ് ബി റിപോർട്ട് ചെയ്തു. ഹ്രസ്വമായ ഓട്ടത്തിനൊടുവിൽ പരാജയപ്പെട്ട 19 വയസ്സുള്ള കാലിഫോർണിയ സർവകലാശാല വിദ്യാർത്ഥി ആഷർ പ്രോഗറിനെ, ബീജത്തിന് സമാനമായ ഒരു ദ്രാവകം സ്പ്രേ ചെയ്ത് കളിയാക്കുന്നത് കാണികൾക്ക് കൗതുകമുണർത്തി.

ഫെർട്ടിലിറ്റിയെക്കുറിച്ചുള്ള ഷുവിൻ്റെ ഈ ഉത്കണ്ഠ, വർധിച്ചുവരുന്ന ജനനാനുകൂല പ്രസ്ഥാനത്തിലെ പല യാഥാസ്ഥിതികരുടെയും തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരുടെയും ആശങ്കകളുമായി ചേർന്നുപോകുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഷു താൻ ഈ രാഷ്ട്രീയ നിലപാടുകളോട് ചേർന്നുനിൽക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു.

‘ഞാൻ എലോൺ മസ്‌കിനെപ്പോലെയല്ല’

‘എനിക്ക് ഇതിനോടൊന്നും യാതൊരു ബന്ധവുമില്ല. ഭൂമിയെ വീണ്ടും ജനസംഖ്യയുള്ളതാക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന എലോൺ മസ്‌കിനെപ്പോലെയല്ല ഞാൻ,’ യുവ സംരംഭകൻ എഎഫ്‌പിയോട് തറപ്പിച്ചു പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അടുത്ത സുഹൃത്തായ മസ്‌ക്, പാശ്ചാത്യ ലോകത്ത് ജനസംഖ്യാ കുറവ് ഒരു ഭീഷണിയാണെന്ന തൻ്റെ അഭിപ്രായത്തെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് ഒന്നിലധികം സ്ത്രീകളിലായി ഒരു ഡസനിലധികം കുട്ടികളുമുണ്ട്.

ബീജത്തിൻ്റെ ഗുണനിലവാരം മൊത്തത്തിലുള്ള ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കുക മാത്രമാണ് തൻ്റെ ലക്ഷ്യമെന്ന് ഷു ആവർത്തിച്ചു. ‘രാത്രി നേരത്തെ ഉറങ്ങുന്നത് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. മയക്കുമരുന്ന് ഉപയോഗം നിർത്തുന്നത് നിങ്ങളുടെ ഇഷ്ടമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ചോയ്സാണ്. എന്നാൽ ഈ വ്യത്യസ്തമായ ജീവിതശൈലി ഘടകങ്ങളെല്ലാം നിങ്ങളുടെ ബീജങ്ങളുടെ ചലനശേഷിയെ കാര്യമായി സ്വാധീനിക്കും,’ ഷു കൂട്ടിച്ചേർത്തു.

മൗണ്ട് സിനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പ്രത്യുത്പാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ, ഷു ഉദ്ധരിച്ച ബീജങ്ങളുടെ എണ്ണം കുറയുന്നതിനെക്കുറിച്ചുള്ള ഒരു ശ്രദ്ധേയമായ പഠനത്തിൽ സഹ-രചയിതാവാണ്. ‘ഹോർമോണുകളായി പ്രവർത്തിക്കുന്ന രാസവസ്തുക്കളുടെ വ്യാപനം സമീപ വർഷങ്ങളിൽ മനുഷ്യൻ്റെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്,’ എന്ന് അവർ അഭിപ്രായപ്പെട്ടു.

എന്നാൽ ശാസ്ത്രീയമായ ഒരു മുഖംമൂടിയണിഞ്ഞ ഈ ‘ബീജ ഓട്ടം’, പല കോളേജ് വിദ്യാർത്ഥികൾക്കും അവരുടെ കൗമാര നർമ്മം പ്രകടിപ്പിക്കാനും, ഒരു വൈറൽ പ്രതിഭാസത്തിൻ്റെ ഭാഗമാകാനുമുള്ള ഒരു അവസരമായി തോന്നിയേക്കാം. പുരുഷ ജനനേന്ദ്രിയവുമായി സാമ്യമുള്ള വസ്ത്രങ്ങൾ ധരിച്ച ചില പങ്കാളികളും, അൽപ്പം അതിരുവിട്ട തമാശകൾ പറയുന്ന അവതാരകരും ഈ പരിപാടിക്ക് ഒരു പ്രത്യേക ‘ചുവ’ നൽകി.

ഈ വിചിത്രമായ പരിപാടിയുടെ യൂട്യൂബ് ലൈവ് സ്ട്രീം 100,000-ത്തിലധികം കാഴ്ചക്കാരെ ആകർഷിച്ചു എന്നത് ഇതിൻ്റെ ജനപ്രീതിക്ക് തെളിവാണ്. ‘എനിക്ക് ഇതിൽ നിന്ന് പുതിയതായി എന്തെങ്കിലും പഠിക്കാൻ കഴിഞ്ഞുവെന്ന് പറയാൻ കഴിയില്ല,’ 22 വയസ്സുള്ള വിദ്യാർത്ഥിയും കാഴ്ചക്കാരനുമായ ആൽബെർട്ടോ അവില-ബാക്ക എഎഫ്‌പിയോട് ചിരിച്ചുകൊണ്ട് പറഞ്ഞു.